 
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണവില പവന് ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം 40,000 രൂപയും ഗ്രാമിന് 5,000 രൂപയും കടന്നു. രാവിലെ ഗ്രാമിന് 130 രൂപ വർദ്ധിച്ച് 5,070 രൂപയിലും പവന് 1,040 രൂപ ഉയർന്ന് 40,560 രൂപയിലും എത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഗ്രാംവില 90 രൂപ താഴ്‌ന്ന് 4,980 രൂപയിലും പവൻവില 720 രൂപ കുറഞ്ഞ് 39,840 രൂപയിലുമെത്തി.
രാജ്യാന്തരവില ഔൺസിന് 2,069 ഡോളർ വരെ ഉയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്‌തതോടെയാണ് ആഭ്യന്തര സ്വർണവില കുതിച്ചത്. ഉച്ചയോടെ രാജ്യാന്തരവില 2,008 ഡോളറിലേക്ക് താഴ്‌ന്നു. ഡോളറിനെതിരെ രൂപ കരകയറുകകൂടി ചെയ്‌തതോടെ ആഭ്യന്തര സ്വർണവില കുറയുകയായിരുന്നു. 2020 ആഗസ്‌റ്റ് ഏഴിന് കുറിച്ച 42,000 രൂപയാണ് പവന്റെ ഏറ്റവും ഉയർന്ന വില.
അധിനിവേശം വരുത്തിയ ചാഞ്ചാട്ടം
റഷ്യൻ ക്രൂഡോയിൽ, ഗ്യാസ് എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ തുടർന്ന് ക്രൂഡോയിൽ വില 14 വർഷത്തിനുശേഷം ബാരലിന് 130 ഡോളർ കടന്നിരുന്നു. ഇതോടെ, ഓഹരിവിപണി ഇടിയുകയും നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുകയും ചെയ്തു. അതാണ് സ്വർണത്തിന്റെ രാജ്യാന്തരവില 2,069 ഡോളറിൽ എത്തിച്ചത്.
എന്നാൽ, നാറ്റോയിൽ അംഗമാക്കണമെന്ന ആവശ്യവുമായി യുക്രെയിൻ മുന്നോട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കിയതോടെ ക്രൂഡ് വില താഴ്‌ന്നു; ഓഹരികൾ കരകയറി; സ്വർണവില താഴേക്കുമിറങ്ങി. വരുംനാളുകളിലും ഈ ചാഞ്ചാട്ടമുണ്ടാകും.