
ലക്‌നൗ: വോട്ട് രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാരണാസി എഡിഎമ്മിന്റെ നേതൃത്വത്തിൽ കടത്താൻ ശ്രമിച്ചുവെന്ന അഖിലേഷ് യാദവിന്റെ പരാതിയിൽ നടപടിയെടുത്ത് ഇലക്ഷൻ കമ്മീഷൻ. യുപി മുഖ്യ ഇലക്ഷൻ ഓഫീസറോട് സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സ്ഥാനാർത്ഥികളെ അറിയിക്കാതെ ഇവിഎം മെഷീനുകൾ എഡിഎം എൻ.കെ സിംഗ് കടത്താൻ ശ്രമിച്ചെന്നും ഇത് പിടിച്ചെടുത്തെന്നും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇത്തരത്തിൽ ഇവിഎം കടത്തുന്നത് മോഷണമാണെന്നും നമ്മുടെ വോട്ടുകൾ സംരക്ഷിക്കപ്പെടണമെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇവിഎമ്മുകൾ സൂക്ഷിച്ചയിടത്ത് ഇന്നലെ സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ സമരവും നടന്നിരുന്നു. ഇവിഎമ്മുകൾ ട്രക്കിൽ കൊണ്ടുപോകുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി.
എന്നാൽ ഇത്തരത്തിൽ ഇവിഎമ്മുകൾ കടത്തിയിട്ടില്ലെന്നും പരിശീലനത്തിനായി എത്തിച്ചതാണ് ഇവയെന്നും വാരണാസി എഡിഎം പ്രതികരിച്ചു. ഇലക്ഷൻ കമ്മിഷനും ഈ വിവരം ശരിവച്ചു. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിയ്‌ക്ക് അനുകൂലമായത് കണ്ട് എസ്.പി അദ്ധ്യക്ഷൻ നടത്തുന്ന രാഷ്‌ട്രീയ ഗിമ്മിക്കാണിതെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. സമാജ്‌വാദി പാർട്ടിയുടെ പരാജയം മുന്നിൽകണ്ടാണ് അഖിലേഷ് ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടത്.