
പൃഥ്വിരാജും തെന്നിന്ത്യൻ താരം പ്രഭാസും ഒന്നിക്കുന്നു. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും. ഇക്കാര്യം കൗമുദി മൂവീസിന് നൽകിയ ് അഭിമുഖത്തിൽ പ്രഭാസ് സ്ഥിരീകരിച്ചു.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. കെ. ജി.എഫ് ഒന്നും രണ്ടും ഭാഗങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറും നിർമിക്കുന്നത്. തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.