ksudhakaran

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് സിപിഎം പ്രവർത്തകരുടെ കൊലയ്‌ക്ക് പിന്നിൽ സിപിഎം ഉന്നതർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുൻ എൽ‌സി സെക്രട്ടറി, എംഎൽഎയുടെ മകനും സിപിഎം നേതാവുമായുള‌ള പ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്ന് ആരോപിച്ചിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.

പാർട്ടിയിലെ കുടിപ്പകയുടെ ഇരയാണ് വെഞ്ഞാറമ്മൂട് കേസിൽ കൊല്ലപ്പെട്ട യുവാക്കളെന്ന് കോൺഗ്രസ് അന്നുതന്നെ ഉന്നയിച്ചതാണെന്നും കെ.സുധാകരൻ പറഞ്ഞു. കൊലക്കേസ് ശരിയാംവണ്ണം അന്വേഷിച്ചാൽ പ്രതിസ്ഥാനത്ത് വരിക സിപിഎമ്മിലെ ഉന്നതരാകും. കൊലപാതകത്തിന് പിന്നിലുള‌ളവരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്‌താവനയിൽ ആത്മാർത്ഥയുണ്ടെങ്കിൽ സിബിഐ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഇതിന് ധൈര്യമുണ്ടോയെന്നും സുധാകരൻ വെല്ലുവിളിച്ചു.

സിപിഎമ്മിന്റെ ഭീഷണിയും സമ്മർ‌ദ്ദവും കാരണം പൊലീസ് അവരുടെ തിരക്കഥയനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് സുധാകരൻ പറഞ്ഞു. കൊലപാതകികൾക്കും അക്രമികൾക്കും അഭയംനൽകുന്ന പ്രസ്ഥാനമായി സിപിഎം മാറിയെന്നും കേസിൽ രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കി സിപിഎം സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾ തകർത്തെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. 2020 തിരുവോണ നാളിലാണ് വെഞ്ഞാറമ്മൂട്ടിൽ ഇരട്ടകൊലപാതകം നടന്നത്. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ സിപിഎം പ്രവർത്തകരാണ് അന്ന് കൊല്ലപ്പെട്ടത്.