കൊച്ചി: നടി കാവ്യാ മാധവന്റെ സഹോദരന്റെ പേരിലുള്ള ഇടപ്പള്ളി ജംഗ്ഷനിലെ ബുട്ടീക്കിൽ തീപിടിത്തം. തുണികളും തയ്യൽമെഷീനുകളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനും നാലിനുമിടെയാണ് സംഭവം. ഗ്രാൻഡ് മാളിലുള്ള മൂന്നാംനിലയിലെ ലക്ഷ്യ ബുട്ടിക്കിലാണ് തീപിടിത്തമുണ്ടായത്. തൃക്കാക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു. ക്ലബ്ബ് റോഡിൽനിന്നുള്ള യൂണിറ്റും എത്തിയിരുന്നു. ഷോർട്ട് സർക്ക്യൂട്ടാകും കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും നാശനഷ്ടങ്ങളുടെ വിവരം വ്യക്തമാക്കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധനകൾ നടത്തി. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. തീ കത്തുന്നത് സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തിയത്.