
വയനാട്: മാനന്തവാടിയ്‌ക്ക് സമീപം കല്ലിയോട് മുസ്ളീംപളളിയ്‌ക്കടുത്ത് ജനവാസമേഖലയിൽ കടുവയിറങ്ങി. അവശനിലയിലായിരുന്ന കടുവയെ കണ്ട് പ്രദേശത്തെ നായ്‌ക്കൾ കുരച്ച് ബഹളംവച്ചതോടെയാണ് ജനങ്ങൾ ശ്രദ്ധിച്ചത്. രാവിലെ 11 മണിയോടെയാണ് കടുവ ഇവിടെയിറങ്ങിയത്.പിലാക്കാവ് ജെസി എസ്‌റ്റേറ്റിൽ അവശനിലയിൽ മുടന്തി കടുവ നടന്നുനീങ്ങുന്നത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നോർത്ത് വയനാട് ഡിഎഫ്ഒ ദർശൻ ഘട്ടാണിയുടെ നേതൃത്വത്തിലെ വനംവകുപ്പ് അധികൃതർ കണ്ടത് കടുവയെ തന്നെയെന്ന് സ്ഥിരീകരിച്ചു. സുൽത്താൻബത്തേരിയിൽ നിന്ന് ദ്രുതകർമ്മസേനയും ഡോക്‌ടറും സ്ഥലത്തെത്തി കടുവയ്‌ക്കായി അന്വേഷണം തുടങ്ങി. മയക്കുവെടിവച്ച് കടുവയെ പിടിക്കാനാണ് ശ്രമം.
കടുവയെ കണ്ട മേഖലയിൽ ജനങ്ങൾ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. മാനന്തവാടി നഗരസഭയിലെ നാലാം ഡിവിഷനിൽ പെടുന്ന ഭാഗമായ കല്ലിയോട് തേയിലതോട്ടമുണ്ടെങ്കിലും വന്യജീവി പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ഇവിടെയാണ് ഇന്ന് കടുവയെ കണ്ടെത്തിയിരിക്കുന്നത്.