
ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച യു.എസ് സ്വദേശി മരിച്ചു. ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനാണ് മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. രണ്ട് മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ബെന്നറ്റ് സ്വീകരിച്ചത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്.
അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലൊരു നേട്ടം ആദ്യമായിട്ടായിരുന്നു. ശസ്ത്രക്രിയയുടെ അപകട സാദ്ധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോദ്ധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.