
കൊച്ചി: കലൂരിലെ ഹോട്ടലില് ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതി പള്ളുരുത്തി സ്വദേശി ജോൺ ബിനോയി ഡിക്രൂസ് തന്റെ വളർത്തുമകനെന്ന് അമ്മ ഇംതിയാസ്. സ്ഥിരം ശല്യക്കാരനായതിനാൽ വീട്ടിൽ വരരുതെന്ന് വിലക്കിയിരുന്നു. 14 ദിവസം പ്രായമുളളപ്പോൾ താൻ ദത്തെടുത്ത മകനാണ് കൊലപാതകിയായി മുന്നിലെത്തിയതെന്നാണ് ഇംതിയാസ് പറയുന്നത്. വീട്ടിൽ വലിയ സ്വൈര്യക്കേടായിരുന്നു. ശല്യം കൂടിയതോടെ പരാതിയും നൽകി. വീട്ടിൽ കയറരുതെന്ന് തഹസിൽദാർ ഉത്തരവിട്ടു. നോറയുടെ മുത്തശ്ശി സിപ്സിയുമായി ആറു വർഷമായി ബിനോയി അടുപ്പത്തിലായിരുന്നു, അടുപ്പം താൻ വിലക്കിയിരുന്നു. എന്നിട്ടും ബന്ധം തുടർന്നുവെന്നും ഇംതിയാസ് പറ്ഞു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ കലൂർ ഒലേസിയ ഹോട്ടലിലാണ് അങ്കമാലി കോടിശേരി വീട്ടിൽ സജീവിന്റെയും ഡിക്സി ഡേവിസിന്റെയും ഇളയമകളായ നോറ മരിയയാണ് കൊല്ലപ്പെട്ടത്. സജീവിന്റെ മാതാവ് സിപ്സിയും ബിനോയും ഡിക്സിയുടെ രണ്ടു മക്കളെയും കൂട്ടി ഹോട്ടലിൽ ശനിയാഴ്ച മുതൽ താമസിച്ചിരുന്നു. കൊല നടക്കുമ്പോൾ ബിനോയും കുട്ടികളും മാത്രമായിരുന്നു മുറിയിൽ. കൊല നടത്തിയശേഷം ഇയാൾ സിപ്സിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ലിസി ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ശിരസിൽ മുലപ്പാൽ കയറിയെന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞതെങ്കിലും സംശയംതോന്നി പൊലീസിനെ അറിയിച്ചു. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ മൊഴി നൽകി.
എറണാകുളം നേവൽബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്. കഞ്ചാവ് ഇടപാടുകളുമുണ്ട്. സിപ്സിയുമായി ആറുവർഷം മുമ്പാണ് അടുപ്പത്തിലായത്. കുഞ്ഞിന്റെ പിതാവായ സജീവ് അപകടത്തെത്തുടർന്ന് കിടപ്പിലാണ്. മൂന്നുമാസം മുമ്പ് ഡിക്സി വിദേശത്തേക്ക് പോയതിന് പിന്നാലെ രണ്ടു കുട്ടികളേയും ഇവർ ഒപ്പംകൂട്ടി വിവിധ ലോഡ്ജുകളിൽ താമസിക്കുകയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ അങ്കമാലിയിലെ വീട്ടിലേക്ക് പോകും.
വഴിവിട്ട ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നത് ബിനോയിയാണ്. സിപ്സി പുറത്തുപോകുമ്പോൾ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത് . വിവരമറിഞ്ഞ് മാതാവ് ഡിക്സി വിദേശത്തുനിന്ന് നാട്ടിലെത്തി. കുഞ്ഞിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കറുകുറ്റിയിൽ സംസ്കരിച്ചു.