
ലക്നൗ : ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പഞ്ചാബ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാണ് എക്സിറ്റ് പോളുകൾ വിജയം പ്രവചിക്കുന്നത്. അതിനിടെ കൗതുകകരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എൻ.എസ്. മാധവൻ.
യു.പിയിലെ ഇറ്റാഹ് ജില്ലയിലുളള കാസ്ഗഞ്ച് മണ്ഡലത്തിലേക്കാണ് നാളെ താൻ ഉറ്റുനോക്കുന്നത്. ഏത് പാർട്ടിയാണോ കാസ്ഗഞ്ച് മണ്ഡലത്തിൽ വിജയിക്കുന്നത് അവരാണ് യുപി ഭരിക്കുക 40 വര്‍ഷമായി അങ്ങനെയാണ്. കാസ്ഗഞ്ചിൽ വിജയിക്കൂ, യു.പി പിടിക്കൂ.' എന്ന് എൻഎസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.
Tomorrow my eyes will be on assembly constituency number 100 Kasganj in Etah dt. Whichever party had won there had been ruling UP for more than 4 decades. Win Kasganj, get UP! #Bellwether #UPElection2022
നിലവിൽ ബി.ജെ.പിയുടെ ദേവേന്ദ്ര സിംഗ് രജ്‌പുത് ആണ് കാസ്ഗഞ്ച് എം.എൽ.എ. 2017ലെ തിരഞ്ഞെടുപ്പിൽ 101908 വോട്ടുകൾക്കാണ് ദേവേന്ദ്ര സിംഗ് രജ്‌പുത് വിജയിച്ചത്. ബിജെപി, ബിഎസ്പി, എസ്പി, ഐഎൻസി എന്നീ പാർട്ടികളാണ് കാസ്ഗഞ്ച് മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ഫെബ്രുവരി 20നായിരുന്നു കാസ്ഗഞ്ച് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്. ദേവേന്ദ്ര സിംഗ് രജ്പുത് തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി. മൻപാൽ സിംഗ് (എസ്.പി), മുഹമ്മദ് ആരിഫ് (ബി.എസ്,പി ), മൻപാൽ (എ.എ.പി), കുൽദീപ് കുമാർ (കോൺഗ്രസ്) എന്നിവരടക്കം പതിനൊന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആറ് തവണയാണ് കോൺഗ്രസിന് കാസ്ഗഞ്ച് മണ്ഡലം പിടിക്കാനായത്. 1991ലാണ് ബി.ജെ.പി കാസ്ഗഞ്ചിൽ ആദ്യ വിജയം നേടുന്നത്. പിന്നീട് നാല് തവണ ബി.ജെ.പി കാസ്ഗഞ്ചിൽ വിജയിച്ചുകയറി. കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എസ്.പി 47 സീറ്റുകളാണ് നേടിയത്. ബി.എസ്.പി 19 സീറ്റുകളും കോണ്‍ഗ്രസ് 7 സീറ്റുകളുമാണ് നേടിയത്.