
ചാലക്കുടി: കൊരട്ടി പാലപ്പിള്ളിയിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമായി. കോനൂർ സ്വദേശിയും പ്രമുഖ പൊതുപ്രവർത്തകനുമായ വി.ആർ. സത്യവാനെ പിടികൂടുന്നതിനാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മൂഴിക്കുളം വീട്ടിൽ മുകേഷിന്റെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ വൈഷ്ണവിയെ മർദ്ദിച്ചതിനാണ് കേസ്. മുഖത്ത് മാരകമായി പരിക്കുള്ള വൈഷ്ണവി ഇപ്പോൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുമാസം മുൻപ് വിവാഹം കഴിഞ്ഞെത്തിയ തന്റെ മകളെ മുകേഷിന്റെ അമ്മ കുമാരിയും ഭർത്തൃസഹോദരനും സ്ഥിരമായി മർദ്ദിച്ചിട്ടുണ്ടെന്ന് വൈഷ്ണവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം നേരത്തെ കുമാരിയുടെ പേരിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ സഹോദരൻ വിജയനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
അമ്മായിയമ്മയുടെ അരുതാത്ത ബന്ധത്തിനെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് സത്യവാൻ തന്നെ മർദ്ദിച്ചതെന്ന് യുവതി ആരോപിച്ചിട്ടുണ്ട്. വൈഷ്ണവിയുടെ മാതാപിതാക്കൾ തന്നെ വീട്ടിലെത്തി മർദ്ദിച്ചെന്ന കുമാരിയുടെ പരാതിയിലും നേരത്തെ കൊരട്ടി പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെ മുകേഷിന്റെ സഹോദരൻ സുധീഷ് മോഹൻ ബുധനാഴ്ച ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് വിവാദമായി. വിസ തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്ന മുകേഷ് നേരത്തെ രഹസ്യമായി വിവാഹം നടത്തിയെന്നും ഗർഭിണിയായ യുവതിയെ ഒഴിവാക്കുന്നതിന് മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. വിധവമായ അമ്മയെ ജ്യേഷ്ഠൻ സ്ഥിരമായി മർദ്ദിച്ചിരുന്നു. ഇതേത്തുടർന്ന് സ്വത്തുക്കൾ ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ട അമ്മയെ ഇയാളും ഭാര്യയും അസഭ്യം പറയലും തുടർന്നു. എല്ലാ സ്വത്തുക്കളും ഒന്നിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് മുകേഷും ഭാര്യയും നടത്തുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇടപ്പെട്ടതിന്റെ പേരിലാണ് സത്യവാനെതിരെ പരാതി നൽകിയിരിക്കുന്നത്. സുധീഷ് മോഹൻ പറയുന്നു. എന്തായാലും സംഭവം ഇപ്പോൾ വിവാദമായിട്ടുണ്ട്.