
ചണ്ഡിഗഡ്: എക്സിറ്റ്‌പോൾ ഫലങ്ങൾ ശരിവച്ചുകൊണ്ട് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ശക്തമായ മുന്നേറ്റം. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ ആംആദ്‌മിക്ക് 70 സീറ്റുകളിലാണ് ലീഡ്. ഭരണത്തിലുള്ള കോൺഗ്രസിന് 20 സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്. കോൺഗ്രസിന്റെ പ്രമുഖരിൽ പലരും പിന്നിലാണെന്നാണ് സൂചന. സിദ്ദു മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ഛന്നിയും പിന്നിലാണ്.
തമ്മിൽത്തല്ലും കെടുകാര്യസ്ഥതയുമാണ് പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കിയത്. തനിക്ക് ഇഷ്ടമില്ലാത്ത ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പുറത്താക്കാൻ നവ്‌ജോത് സിംഗ് സിദ്ദു കളിച്ച കളികളാണ് പഞ്ചാബിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. സിദ്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി അമരീന്ദര്‍ സിംഗിനെ പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതിലൂടെ സിദ്ദു ലക്ഷ്യമിട്ടത് മുഖ്യമന്ത്രി കസേരയായിരുന്നെങ്കിലും പാർട്ടി വഴങ്ങിയില്ല. ഒടുവിൽ തന്റെ അടുത്ത അനുയായി ചരണ്‍ജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കുന്നതിൽ സിദ്ദു വിജയിച്ചു.
സിദ്ദുവിന്റെ തീരുമാനത്തിന് പാർട്ടി നേതൃത്വം വഴങ്ങിയപ്പോൾ മുതൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ പതനം ജനങ്ങൾ പ്രവചിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ ക്യാപ്ടനായ അമരീന്ദര്‍ സിംഗിനെ മാറ്റിയത് വിവേകമില്ലാത്ത തീരുമാനമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസ് നേതൃത്വത്തിനായില്ല. അമരീന്ദറിന്റെ ശക്തമായ നിലപാടുകളായിരുന്നു അകാലിദളിനെയും ബി.ജെ.പിയെയും സംസ്ഥാനത്ത് അധികാരത്തിൽ നിന്ന് അകറ്റി നിറുത്തിയിരുന്നത്. അകാലിദളും ബി.ജെ.പിയും ആവതു ശ്രമിച്ചിട്ടും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കഴിയാത്തതിന് പിന്നിലെ കാരണവും അമരീന്ദറിന്റെ ശക്തിയായിരുന്നു. ഗോവയുൾപ്പടെ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പല സംസ്ഥാനങ്ങളിലും പാർട്ടി തകര്‍ന്നുവീണപ്പോഴും പഞ്ചാബില്‍ പാര്‍ട്ടി തകര്‍ന്നില്ല. തളര്‍ന്നില്ല. എം.എല്‍.എമാരാരും കൂടുവിട്ടു കൂടുമാറി ബി.ജെ.പിയില്‍ ചേക്കേറിയുമില്ല.
ഏറെക്കാലം ഹൈക്കമാൻഡിന്റെ വിശ്വസ്തനായിരുന്ന അമരീന്ദറിനെ ഒരു വീണ്ടുവിചാരമില്ലാതെയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത്. മുറിവേറ്റ സിംഹമായ അമരീന്ദര്‍ ബി ജെ പി പാളയത്തിൽ ചേക്കേറി. ഇക്കുറി തിരഞ്ഞെടുപ്പിൽ ശക്തമായ വെല്ലുവിളി ഉയർത്തിയില്ലെങ്കിലും ബി ജെ പി അമരീന്ദര്‍ സംഖ്യം മോശമല്ലാത്ത പ്രകടനം നടത്തി മുന്നേറുന്നുണ്ട്. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ തിരിച്ചറിഞ്ഞ് ശക്തമായ തീരുമാനങ്ങൾക്ക് കോൺഗ്രസ് നേതൃത്വം ശ്രമിച്ചില്ലെങ്കിൽ മറ്റുസംസ്ഥാനങ്ങളിലെന്നപോലെ അധികം വൈകാതെ തന്നെ കോൺഗ്രസിനെ സംസ്ഥാനത്ത് മഷിയിട്ടുനോക്കിയാൽ കാണാത്ത അവസ്ഥയുണ്ടാകുമെന്നതിൽ തർക്കമില്ല.