
അമൃത്‌സർ: എക്സിറ്റ് പോൾ ഫലങ്ങൾ ശരി വച്ച് പഞ്ചാബിൽ എഎപിയാണ് മുന്നേറുകയാണ്. രണ്ടുമണിക്കൂറിലെ ഫലസൂചനകൾ പുറത്തു വരുമ്പോൾ 89 സീറ്റിലും എഎപി തന്നെയാണ്. അകാലിദൾ ശക്തി കേന്ദ്രങ്ങളിലും എഎപിയുടെ മുന്നേറ്റമാണ്. കോൺഗ്രസിന് 13സീറ്റും ബിജെപിക്ക് അഞ്ച്സീറ്റുമാണ് ഇപ്പോഴത്തെ നില. ശിരോമണി അകാലിദളിന് ഏഴ് സീറ്റാണ് ലഭിച്ചത്.
പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് ആംആദ്മി പാർട്ടിയുടെ മുന്നേറ്റം. 117 അംഗ പഞ്ചാബ് നിയമസഭയിൽ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്.
ഡൽഹിയ്ക്ക് ശേഷം ആദ്യമായി ആം ആദ്മി പാർട്ടി മറ്റൊരു സംസ്ഥാനത്തിൽ അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. ഭഗ്‌വന്ത് സിംഗ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്‌പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
എഎപിയുടെ പ്രവർത്തകർ ചൂൽ ഉയർത്തി ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്. എക്സിറ്റ് പോളുകളെല്ലാം പറഞ്ഞിരുന്നത് പഞ്ചാബിൽ ആംആദ്മി പാർട്ടി തന്നെ അധികാരമേൽക്കുമെന്നാണ്. അത് ശരിവയ്‌ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്തു വരുന്നത്.