goa-election

പനാജി: ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഗോവയിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ പത്തൊൻപത് സീറ്റുകളുമായി ബി ജെ പി ലീഡ് ചെയ്യുന്നു. പതിനഞ്ച് സീറ്റുകളുമായി കോൺഗ്രസ് തൊട്ടുപിന്നിലുണ്ട്.

അഞ്ച് സീറ്റുകളുമായി തൃണമൂൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് രാവിലെ എട്ട് മണിമുതലാണ് 40 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചത്. ഫെബ്രുവരി പതിനാലിനായിരുന്നു ഗോവയിൽ വോട്ടെടുപ്പ് നടന്നത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 300 സ്ഥാനാർത്ഥികളാണുള്ളത്.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പതിനേഴ് സീറ്റുകളുടെ വിജയത്തിൽ കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഗോവ ഫോർവേഡ് പാർട്ടി, എം ജി പി, രണ്ട് സ്വതന്ത്രർ എന്നിവരുമായി സഖ്യം ചേർന്ന് പതിമൂന്ന് സീറ്റുകൾ നേടിയ ബി ജെ പിയായിരുന്നു ഗോവയിൽ ഭരണം പിടിച്ചെടുത്തത്. ഇതാവർത്തിക്കാതിരിക്കാൻ കഴിഞ്ഞ ദിവസം എല്ലാ സ്ഥാനാർത്ഥികളെയും കോൺഗ്രസ് പനാജിക്ക് സമീപമുള്ള ബംബോളിനിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയിരുന്നു.