
ലക്നൗ: ഉത്തർപ്രദേശിൽ ബി ജെ പി ശക്തമായനിലയിലേക്ക്. യോഗി സർക്കാരിന്റെ ഭരണത്തുടർച്ചയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകൾ നൽകുന്ന സൂചന.ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ പാർട്ടി 236 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇതോടെ ലീഡ് നിലയിൽ പാർട്ടി കേവല ഭൂരിപക്ഷം നേടി. ശക്തമായ വെല്ലുവിളി ഉയർത്തി രംഗത്തുണ്ടായിരുന്ന അഖിലേഷിന്റെ എസ് പിക്ക് 105 സീറ്റുകളിൽ മാത്രമാണ് ലീഡ്. കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. വെറും നാലിടത്തുമാത്രമാണ് ലീഡ്. മായാവതിയുടെ ബി എസ് പിക്ക് മൂന്നിടത്തുമാത്രമാണ് ലീഡുനേടാനായത്.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്നു കർഷക സമരം നടന്ന ലഖിംപൂർ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്. ഗൊരഖ്‌പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിറത്തുൽ മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും വ്യക്തമായ ലീഡുണ്ട്.
വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ബി.ജെ.പിയും എസ്.പിയും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും പിന്നീട് ബി.ജെ.പി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. എസ്.പി നേതാവ് അഖിലേഷ് യാദവ് കല്‍ഹാലില്‍ ലീഡ് ചെയ്യുന്നുണ്ട്. ക്രിമിനിൽ കേസ് പ്രതിയായി ജയിലിൽ കഴിയുന്ന എസ് പി നേതാവ് അസംഖാനും മകനും ലീഡ് ചെയ്യുന്നു. എന്നാൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ലീഡ് ചെയ്യുന്ന നാലിടത്തും പാർട്ടി സ്ഥാനാർത്ഥികളുടെ ലീഡ് വളരെ കുറവാണ്. പാർട്ടി ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേഠിയിലും കോൺഗ്രസ് ഏറെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ.