aap

അമൃത്‌സർ: ദേശീയ രാഷ്ട്രീയത്തിൽ പഞ്ചാബ് ഒരു രാഷ്ട്രീയപാഠമാവുകയാണ്. ഡൽഹിക്ക് പുറത്ത് എഎപി അധികാരമേൽക്കാനൊരുങ്ങുന്ന മറ്റൊരു സംസ്ഥാനമായി പഞ്ചാബ് മാറുന്നു. വൻമരങ്ങളെല്ലാം ഇവിടെ വീണു കഴിഞ്ഞു.

മറ്റു നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറുമ്പോൾ ബിജെപിയെയും കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും പുറത്താക്കിയാണ് എഎപി കളം പിടച്ചത്. പഞ്ചാബിനെ വലിയൊരു ശക്തിയായി ബിജെപി കണ്ടിരുന്നില്ല എന്നതും യാഥാർത്ഥ്യമാണ്. ശിരോമണി അകാലിദളുമായി ചേർന്നായിരുന്നു ഇത്തവണ ബിജെപി സഖ്യമുണ്ടാക്കിയത്.

കടുത്ത ബിജെപി വിരുദ്ധത നിലനിൽക്കുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ ചരൺജിത്ത് ഛന്നിയും ബിജെപിയുടെ അമരീന്ദർ സിംഗും ഉൾപ്പെടുന്ന കരുത്തന്മാരെ തകർത്താണ് എഎപി വിജയം കൊയ്‌തിരിക്കുന്നത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ 77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. ആ സംസ്ഥാനത്താണ് ഇന്ന് കോൺഗ്രസ് ഏറെ പിന്നിലേക്ക് തള്ളപ്പിട്ടിരിക്കുന്നത്. തീർച്ചയായും കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്.

aap

സംസ്ഥാനത്ത് ജനസമ്മതിയുള്ള നേതാവായ അമരീന്ദർ സിംഗിനെ അനുനയിപ്പിച്ച് കൂടെ നിർത്താൻ സാധിക്കാത്തത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും പരാജയമായി വിലയിരുത്തപ്പെടും.

ഭരണത്തിലിരിക്കുന്ന എല്ലാ മന്ത്രിമാരും പിന്നിലേക്ക് പോകുന്ന കാഴ്ച കൂടിയാണ് പഞ്ചാബിൽ നിന്നും പുറത്തു വരുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ടാണെങ്കിലും ഛന്നി മികച്ച പ്രകടനം കാഴ്ച വച്ചുവെന്നതാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.

ഇത്തവണ പഞ്ചാബിൽ എഎപി കനത്ത മത്സരം കാഴ്ച വയ്‌ക്കുമെന്ന കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും തെല്ലും സംശയമുണ്ടായിരുന്നില്ല. അത് തടയാൻ ഛന്നിക്ക് കഴിയുമെന്നും കോൺഗ്രസ് വിലയിരുത്തിയിട്ടുണ്ടാകണം. അവരുടെ എല്ലാ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിയാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ കസേര സ്വന്തമാക്കുന്നത്.

ഡൽഹി മോഡൽ വികസനമാണ് സംസ്ഥാനത്ത് എഎപി വാഗ്ദാനം നൽകിയത്. അഴിമതി വിരുദ്ധഭരണം,​ മികച്ച വിദ്യാഭ്യാസം, അഴിമതിരഹിത ഭരണം, കുറഞ്ഞ ചെലവിൽ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ അടക്കം നിരവധി വാഗ്ദാനങ്ങളാണ് എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി ജനങ്ങൾക്ക് മുന്നിലെത്തിച്ചത്. സാധാരണക്കാർക്കിടയിൽ ഈ വാഗ്ദാനങ്ങൾക്ക് സ്വാധീനം ചെലുത്താൻ ഈ പ്രഖ്യാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്‌ എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.