
കൊച്ചി: ഒന്നരവയസുകാരിയെ ഹോട്ടൽമുറിയിലെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അങ്കമാലി പാറക്കടവ് കൊടുശ്ശേരി സജീവിന്റെയും ഡിക്സിയുടെയും മകൾ നോറയാണ് കൊല്ലപ്പെട്ടത്. സജീവിന്റെ മാതാവ് സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് ആണ് കേസിലെ പ്രതി.
നോറയുടെ മുത്തശ്ശി സിപ്സിയുമായി ആറു വർഷമായി ബിനോയ് അടുപ്പത്തിലായിരുന്നു.എറണാകുളം നേവൽബേസിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ. സജീവും, ബിനോയിയും സിപ്സിയും സ്ഥിരം ലഹരി, മോഷണകേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
നിരവധി വഴിവിട്ട ബന്ധമുളളയാളാണ് സിപ്സി. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിച്ചു. സജീവ് അപകടത്തെത്തുടർന്ന് കിടപ്പിലാണ്. മൂന്നുമാസം മുമ്പ് ഡിക്സി വിദേശത്തേക്ക് പോയതിനു പിന്നാലെ രണ്ടു കുട്ടികളേയും ഒപ്പംകൂട്ടി വിവിധ ലോഡ്ജുകളിൽ താമസിച്ചായിരുന്നു ലഹരി കച്ചവടം. കുട്ടികളുമായി താമസിക്കുന്നതിനാൽ ആരും സംശയിച്ചിരുന്നില്ല. ആഴ്ചയിൽ ഒരിക്കൽ അങ്കമാലിയിലെ വീട്ടിലേക്ക് പോകും.
സിപ്സി പുറത്തുപോകുമ്പോൾ ബിനോയിയാണ് കുട്ടികളെ നോക്കിയിരുന്നത്.കൊല നടക്കുമ്പോൾ ബിനോയിയും കുട്ടികളും മാത്രമായിരുന്നു മുറിയിൽ. കൊല നടത്തിയശേഷം ഇയാൾ സിപ്സിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന്  ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ ശ്രമിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്ന് ഇയാൾ മൊഴി നൽകി.