
ലക്‌നൗ: വിസ്‌തൃതിയിൽ യൂറോപ്യൻ രാജ്യമായ ഇംഗ്ളണ്ടിന്റെ രണ്ടിരട്ടി വലിപ്പമുണ്ട് ഉത്തർപ്രദേശിന്. ജസംഖ്യയുടെ കാര്യമെടുത്താലോ? ലോകത്തുതന്നെ അഞ്ചു രാജ്യങ്ങൾക്ക് മാത്രമേ ആ വിഷയത്തിലും യുപിയെ പിന്നിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. നിയമസഭാ സാമാജികൻ എന്ന തന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രായോഗികപരിയം പ്രയോജനപ്പെടുത്തികൊണ്ട് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിനെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ലോകനിലവാരത്തിൽ എത്തിച്ചുവെന്നതിൽ സംശയമില്ല. രണ്ടാം തവണയും യുപിയിലെ ജനങ്ങൾ യോഗിയെ തങ്ങളുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് കാരണവും അതുതന്നെ.
2017ൽ മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ ആദ്യത്തെ രണ്ടാഴ്‌ചക്കാലം തന്റെ സഹമന്ത്രിമാരുമൊത്ത് ഒരു ഡ്രോയിംഗ് ബോർഡിന് മുന്നിലായിരുന്നു യോഗി. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഈറ്റില്ലമായ ഉത്തർപ്രദേശിന്റെ അതുവരെയുള്ള യാത്ര വരച്ചിടുകയായിരുന്നു യോഗി. 2017ൽ നിന്നും ഈ നിമിഷം വരെ യുപിയിൽ എന്തൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ടോ അതെല്ലാം അന്ന് ആ ക്യാൻവാസിൽ യോഗി കണ്ടതിന്റെ സാക്ഷാത്കാരമാണ്.
ഭരണകാലത്ത് 165 കിലോമീറ്റർ (ഗ്രേറ്റർ നോയിഡ-ആഗ്ര) എക്‌സ്പ്രസ് വേയാണ് ബിഎസ്‌പി നിർമ്മിച്ചത്. സമാജ്‌വാദി പാർട്ടിയാണെങ്കിലോ, ആഗ്ര മുതൽ ലക്‌നൗ വരെ 302 കിലോമീറ്റർ ദൂരത്തിലാണ് എക്‌സ്പ്രസ് വേ പണികഴിപ്പിച്ചത്. അങ്ങനെ അവരുടെ 15 വർഷ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിന് ലഭിച്ചത് 467 കിലോമീറ്റർ അതിവേഗ പാതയാണ്. പശ്ചിമ യുപിയിൽ റോഡ് വികസനം അപ്പോഴും ദിവാസ്വപ്‌നമായി നിലകൊണ്ടു.
ആ അവസ്ഥയിൽ നിന്നും മറ്റൊരു തലത്തിലേക്ക് യോഗി ആദിത്യനാഥ് യുപിയെ മാറ്റി മറിക്കുകയായിരുന്നു. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ‌്ത പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ നീളം 341 കിലോമീറ്റർ ആയിരുന്നു. മുൻഭരണാധികാരികൾ മനപൂർവമോ അല്ലാതെയോ അവഗണിച്ച കിഴക്കൻ ഉത്തർപ്രദേശിലെ ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പൂർവാഞ്ചൽ എക്‌സ്പ്രസ് വേ നിലവിൽ വന്നത്. കൂടാതെ, ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 300 കിലോമീറ്റർ നീളത്തിലുള്ള ബന്ദൽഖണ്ഡ് എക്‌സ്പ്രസ് വേ മാർച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനും തയ്യാറെടുക്കുന്നു. അങ്ങനെ തന്റെ ഭരണകാലത്ത് 641 കിലോമീറ്റർ ദൂരത്തിലാണ് എക്‌സ്പ്രസ് വേ യോഗി പണികഴിപ്പിച്ചത്.
അവിടെകൊണ്ടൊന്നും തീരുന്നതായിരുന്നില്ല യോഗി ആദിത്യനാഥിന്റെ റോഡ് യജ്ഞം. 600 കിലോമീറ്റർ ദൂരത്തിലുള്ള ഗംഗ എക്‌സ്പ്രസ് വേ, 91 കിലോ മീറ്രർ ദൂരത്തിലെ ഗോരഖ്പൂർ ലിങ്ക് എക്‌സ്പ്രസ് വേ എന്നിവയുടെയെല്ലാം നിർമ്മാണം ലോകോത്തര നിലവാരത്തിലായിരുന്നു. പശ്ചിമ-കിഴക്കൻ പ്രദേശങ്ങളിലെ 12 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഗംഗ എക്‌സ്പ്രസ് വേ. 2025ൽ ഇത് പൂർത്തിയാക്കാനാണ് യോഗിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നുകൂടിയാണ് ഗംഗ എക്‌സ്പ്രസ് വേ.
യോഗി തീർത്ത വികസനത്തിന്റെ കൊടുങ്കാറ്റ് അവിടെ മാത്രം അവസാനിക്കുന്നതായിരുന്നില്ല. 2017ൽ നാല് വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിനുണ്ടായിരുന്നത്. ലക്‌നൗ, വാരണാസി, ഗോരഖ്പൂർ, ആഗ്ര എന്നിവയായിരുന്നു അവ. എന്നാൽ 2021ഓടെ വിമാനത്താവളങ്ങളുടെ എണ്ണം എട്ടാക്കി ഉയർത്താൻ യോഗി ആദിത്യനാഥിനായി. കൂടുതൽ സർവീസുകളും യുപിയിൽ നിന്ന് ആരംഭിച്ചു. രാജ്യത്തുതന്നെ അഞ്ച് അന്താരാഷ്‌ട്രവിമാനത്താവളങ്ങൾ സ്വന്തമായ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് ഉടൻ മാറും.
ഭരണത്തിലേറിയ നാൾ മുതൽ വ്യവസായികൾക്ക് മുന്നിൽ തന്റെ വാതിൽ തുറന്നിട്ട സമീപനമായിരുന്നു യോഗിയുടെത്. അതിനായി അദ്ദേഹം ആദ്യം ചെയ‌്തത് തടസമില്ലാത്ത വൈദ്യുതി സേവനം അവർക്കായി ഒരുക്കുക എന്നതായിരുന്നു. 'പവർ ഒഫ് ആൾ' എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചു. 'പര്യാപ്‌ത് ബിജിലി' എന്ന പേരിൽ മറ്റൊരു വൈദ്യതി യജ്ഞവും വൈകാതെ യോഗി കൊണ്ടുവന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായിരുന്നു അത്. ജില്ലാകേന്ദ്രങ്ങളിൽ 24 മണിക്കൂറും, താലൂക്കുകളിൽ 20 മണിക്കൂറും, പഞ്ചായത്തുകളിൽ 18 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതെല്ലാം തന്നെ യുപി ജനതയ‌്ക്ക് പുതിയൊരു അനുഭവമാകുകയായിരുന്നു; പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ.
വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ ഏറെ മുന്നിലാണ് ഇന്ന് ഉത്തർപ്രദേശിന്റെ സ്ഥാനം. 2017ൽ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ 17.5 ശതമാനമായിരുന്നുവെങ്കിൽ 2021ൽ 4.1 ശതമാനമാക്കി കുറയ‌്ക്കാൻ യോഗിക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഇതൊക്കെ വോട്ടായി വീണില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ?...