pramod-sawant

പനാജി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബി ജെ പി സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പ്രമോദ് സാവന്തും കോൺഗ്രസ് സ്ഥാനാർത്ഥി ധർമേഷ് സംഗ്‌ലാനിയും.

4014 വോട്ടുമായാണ് ധർമേഷ് സംഗ്‌ലാനി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 3697 വോട്ടുമായി പ്രമോദ് സാവന്ത് തൊട്ടുപിന്നിലുണ്ട്. അതേസമയം, പതിനെട്ട് സീറ്റുകളുമായി ബി ജെ പി സംസ്ഥാനത്ത് ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് പതിനാലും തൃണമൂൽ നാല് സീറ്റുകളുമായാണ് ഇതുവരെ എത്തിനിൽക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിമുതലാണ് 40 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചത്. ഫെബ്രുവരി പതിനാലിനായിരുന്നു ഗോവയിൽ വോട്ടെടുപ്പ് നടന്നത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 300 സ്ഥാനാർത്ഥികളാണുള്ളത്.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പതിനേഴ് സീറ്റുകളുടെ വിജയത്തിൽ കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഗോവ ഫോർവേഡ് പാർട്ടി, എം ജി പി, രണ്ട് സ്വതന്ത്രർ എന്നിവരുമായി സഖ്യം ചേർന്ന് പതിമൂന്ന് സീറ്റുകൾ നേടിയ ബി ജെ പിയായിരുന്നു ഗോവയിൽ ഭരണം പിടിച്ചെടുത്തത്. ഇതാവർത്തിക്കാതിരിക്കാൻ കഴിഞ്ഞ ദിവസം എല്ലാ സ്ഥാനാർത്ഥികളെയും കോൺഗ്രസ് പനാജിക്ക് സമീപമുള്ള ബംബോളിനിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയിരുന്നു.