goa

പനാജി: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ ഗോവയിൽ ഭരണത്തുടർച്ചയ്ക്കൊരുങ്ങി ബി ജെ പി. 19 സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോൺഗ്രസ് പിന്നാലെയുണ്ട്. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാർത്ഥികളാണ് അങ്കം കുറിക്കുന്നത്.

21 സീറ്റുകൾ നേടിയാൽ ബി ജെ പിക്ക് വിജയം ഉറപ്പിക്കാം. തൃണമൂൽ അഞ്ച് സീറ്റും മറ്റുള്ളവർ നാല് സീറ്റുകളുമാണ് ഇതുവരെ നേടിയത്. ബി ജെ പിയും കോൺഗ്രസ്- ജി എഫ് പി സഖ്യകക്ഷിയും 40 സ്ഥാനാർത്ഥികളെ വീതം കളത്തിലിറക്കിയപ്പോൾ ആം ആദ്‌മി പാർട്ടി 39 പേരെയാണ് മത്സരിക്കാൻ ഇറക്കിയത്. ഇത്തവണയും ആപ്പിന് ഗോവയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പതിനേഴ് സീറ്റുകളുടെ വിജയത്തിൽ കോൺഗ്രസ് മുന്നിലെത്തിയെങ്കിലും ഗോവ ഫോർവേഡ് പാർട്ടി, എം ജി പി, രണ്ട് സ്വതന്ത്രർ എന്നിവരുമായി സഖ്യം ചേർന്ന് പതിമൂന്ന് സീറ്റുകൾ നേടിയ ബി ജെ പിയായിരുന്നു ഗോവയിൽ ഭരണം പിടിച്ചെടുത്തത്. ഇതാവർത്തിക്കാതിരിക്കാൻ കഴിഞ്ഞ ദിവസം എല്ലാ സ്ഥാനാർത്ഥികളെയും കോൺഗ്രസ് പനാജിക്ക് സമീപമുള്ള ബംബോളിനിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റിയിരുന്നു.