
അമൃത്‌സർ: കോൺഗ്രസിനെ തകർത്തെറിഞ്ഞ് പഞ്ചാബിൽ എഎപി ഭരണം ഉറപ്പിക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ചതുപോലെയാണ് സംസ്ഥാനത്ത് എഎപിയുടെ തേരോട്ടം. 91 സീറ്റിൽ എഎപിയും 18 സീറ്റിൽ കോൺഗ്രസും രണ്ട് സീറ്റിൽ ബിജെപിയും നാല് സീറ്റിൽ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.
ഫലസൂചനകൾ പുറത്തുവന്ന ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് ആംആദ്മി പാർട്ടി മുന്നേറുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയിൽ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം.
പ്രമുഖരെയെല്ലാം പിന്നിലാക്കിയാണ് ഭഗവന്ത്മാൻ സിംഗിന്റെ നേതൃത്വത്തിൽ ആപ്പ് പഞ്ചാബിൽ കസേര ഉറപ്പിക്കുന്നത്. ഡൽഹിയ്ക്ക് ശേഷം ആദ്യമായി ആം ആദ്മി പാർട്ടി മറ്റൊരു സംസ്ഥാനത്തിൽ അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. എഎപിയുടെ പ്രവർത്തകർ ചൂൽ ഉയർത്തി ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗ്, പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു, ലാംബിയിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ എന്നിവരും ഏറെ പിന്നിലാണ്.