
ഡെറാഡൂൺ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് ലീഡ്. 46 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 21 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുള്ളത്. മറ്റുള്ളവർ മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നു.
70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നായിരുന്നു ഭൂരിഭാഗം സർവേകളും പ്രവചിച്ചിരുന്നത്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ബിജെപിക്കായിരുന്നു മുൻതൂക്കം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ഒരു സീറ്റിൽ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോൾ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. ഒരവസരം തരൂ എന്ന മുദ്രാവാക്യമാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ എഎപി ഉയർത്തിപ്പിടിച്ചത്.
തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇവിടെ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചാൽ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കാനായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഹൈക്കമാൻഡ് നിയോഗിച്ചിട്ടുണ്ട്.
2000 നവംബർ ഒൻപതിന് ഇന്ത്യയുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്. 13 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഡെറാഡൂൺ തലസ്ഥാനമായ ഉത്തരാഖണ്ഡ് 53,483 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു. പതിനൊന്ന് കോടിയാണ് ഉത്തരാഖണ്ഡിലെ ആകെ ജനസംഖ്യ.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 57 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 11 സീറ്റ് മാത്രമാണ് അന്ന് നേടാനായത്. മറ്റുള്ളവർ രണ്ട് സീറ്റുകൾ നേടിയിരുന്നു.
അഞ്ച് വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരുന്നത്. ഇപ്പോഴുള്ള ലീഡ് നിലനിർത്തികൊണ്ട് ഭരണത്തുടർച്ച നേടാനായാൽ, പുതിയ ചരിത്രമാകും ബിജെപി കുറിയ്ക്കുക