manipur-election-2022

ഇംഫാൽ: മണിപ്പൂരിൽ 60 സീറ്റിൽ 26 ഇടത്തും ലീഡ് ചെയ്തുകൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങി ബിജെപി. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോഴും കോൺഗ്രസിന് 2017ൽ നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ പകുതിയിൽ പോലും ലീഡ് പിടിക്കാനായിട്ടില്ല. ആകെ ഒമ്പത് ഇടത്തു മാത്രമാണ് കോൺഗ്രസിന് ലീഡ്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പന്ത്രണ്ടിടത്തും ജനദാദൾ യുണൈറ്റഡ് (ജെഡിയു) നാലിടത്തും ലീഡ് ചെയ്യുന്നുണ്ട്. 2017 ലെ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല.

മുഖ്യമന്ത്രി ബൈറൻ സിംഗ് തന്റെ മണ്ഡലമായ ഹിൻഗാംഗിൽ 11,000 വോട്ടുകൾക്ക് മുന്നിലാണ്. അതേസമയം സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയും എൻപിപി സ്ഥാനാർത്ഥിയുമായ വൈ ജോയികുമാർ സിംഗ് പിന്നിലാണ്. യൂറിപോക്ക് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.

സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടു മണിയോടെ തന്നെ ആരംഭിച്ചു. ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസും വിജയ പ്രതീക്ഷയിലാണ്. മണിപ്പൂരിൽ രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാർച്ച് അഞ്ചിനുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനാണ് സാദ്ധ്യതയെന്നാണ് പുറത്തു വരുന്ന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2017ൽ മണിപ്പൂരിൽ കോൺഗ്രസ് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഭരണത്തിലെത്താൻ അവർക്കായില്ല. അന്ന് 21 സീറ്റ് ലഭിച്ച ബിജെപി മറ്റ് പത്ത് എംഎൽഎമാരുടെ പിന്തുണയോടെ അധികാരത്തിലെത്തുകയായിരുന്നു.