kejiriwal

അമൃത്‌സർ: പഞ്ചാബ് ഭരണം കിട്ടിയതോടെ ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറിയെന്നും പുതിയ പ്രതിപക്ഷമാകുമെന്നും പാർട്ടി നേതാവ് രാഘവ് ഛദ്ദ.

'ആം ആദ്മി പാർട്ടിക്ക് ഇതൊരു മഹത്തായ ദിനമാണ്, ഇന്ന് ഞങ്ങൾ ഒരു ദേശീയ പാർട്ടിയായി മാറിയിരിക്കുന്നു. ഇനി പ്രാദേശിക പാർട്ടിയല്ല. ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് കേജ്‌രിവാൾ. ദൈവം അനുഗ്രഹിച്ചാൽ അദ്ദേഹം ഈ രാജ്യത്തെ നയിക്കും, പ്രധാനമന്ത്രിയാകും.ദേശീയ തലത്തിൽ കോൺഗ്രസിന് ബദലാവുക എഎപിയായിരുക്കും.' രാഘവ് ഛദ്ദ പറഞ്ഞു.

2012 ലാണ് ആം ആദ്മി പാർട്ടി രൂപം കൊള്ളുന്നതെങ്കിലും ഡൽഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ഭരണം ആദ്യമായി അവർ സ്വന്തമാക്കുന്നത് ഇപ്പോഴാണ്. കോൺഗ്രസിന്റെ തട്ടകമായിരുന്ന പഞ്ചാബിൽ പല പ്രമുഖരെയും തറ പറ്റിച്ചാണ് ആം ആദ്മി വിജയം കൊയ്തത്.

കോൺഗ്രസിന്റെ ചരൺജിത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, അകാലിദളിന്റെ പ്രകാശ് സിംഗ് ബാദൽ തുടങ്ങിയവരെല്ലാം ഏറെ പിന്നിലാണ്.

'പഞ്ചാബിലെ ജനങ്ങൾ കേജ്‌രിവാളിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടുണ്ട്, അവർ അത് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. അഞ്ച് പതിറ്റാണ്ടായി, പഞ്ചാബിലെ ജനങ്ങളെ അവർക്ക് അർഹമായ സൗകര്യങ്ങളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.ഇപ്പോൾ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അതാണ് ഈ വിജയത്തിലൂടെ കണ്ടത്. "

പഞ്ചാബിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ മഹത്വം പുനഃസ്ഥാപിക്കാനും ആം ആദ്മി പാർട്ടി ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കുമെന്ന് ഛദ്ദ പറഞ്ഞു.