
അമൃത്‌സർ: ആം ആദ്‌മി ഇനി പഞ്ചാബും ഭരിക്കും. രാവിലെ വോട്ടണ്ണെൽ ആരംഭിച്ച് ഏകദേശം ഒമ്പത് മണിയോടുകൂടി തന്നെ പഞ്ചാബി ഹൗസ് ആപ്പ് സ്വന്തമാക്കിയെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാമതായെത്തി പഞ്ചാബിൽ തങ്ങളുടെ വരവ് ആപ്പ് അറിയിച്ചുവെങ്കിൽ ഇത്തവണയത് വിജയം അരക്കിട്ട് ഉറപ്പിച്ചുകൊണ്ടാണ് പൂർണമാക്കിയത്. പെട്ടെന്നൊരു ദിനം കൊണ്ട് മാറി മറിഞ്ഞതല്ല പഞ്ചാബിലെ രാഷ്‌ട്രീയ സാഹചര്യം. ആ മാറ്റത്തിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം-
മാറ്റത്തിന് വേണ്ടിയുള്ള മുറവിളി
ഒരു മാറ്റത്തിന് വേണ്ടിയുള്ള തൃഷ്‌ണ പഞ്ചാബിലെ വലിയൊരു വിഭാഗം ജനങ്ങളിൽ അതിതീവ്രമായി നിലകൊണ്ടിരുന്നു. പ്രധാന കക്ഷിയായ ശിരോമണി അകാലിദൾ വിവിധ ഘട്ടങ്ങളിലായി ബിജെപിയുമായും, കോൺഗ്രസുമായും ചേർന്ന് 24 വർഷമാണ് ഭരിച്ചത്. തൊഴിലില്ലായ്‌മ, നീതി നടപ്പാക്കുന്നതിലെ വേഗതക്കുറവ്, മയക്കുമരുന്ന് മാഫിയ, അനധികൃത മണൽക്കടത്ത് തുടങ്ങിയവയെല്ലാം നിലവിലെ പരിതസ്ഥിതിയിൽ നിന്ന് ഒരു മാറ്റം എന്നതിലേക്ക് പഞ്ചാബികളെ ചിന്തിപ്പിച്ചു. 70 വർഷത്തോളം രണ്ട് വലിയ രാഷ്‌ട്രീയകക്ഷികൾ ഭരിച്ചിട്ടും അതിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് ഡൽഹി മോഡൽ ഉയർത്തികൊണ്ടുള്ള ആം ആദ്‌മി പാർട്ടിയുടെ രംഗപ്രവേശം.
കേജ്‌രിവാളും ഡൽഹി മോഡലും
ഡൽഹി ഭരണത്തിൽ കേജ്‌രിവാൾ പുറത്തെടുത്ത് നാല് ട്രംപ് കാർഡുകൾ തന്നെയാണ് പഞ്ചാബ് ജനതയെ എഎപിയിലേക്ക് ആകർഷിച്ചത്. സർക്കാർ തലത്തിലെ മികച്ച വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ ഏറ്റവും കുറഞ്ഞനിരക്കിൽ ലഭ്യം എന്നിവയാണ് വോട്ടർമാരെ സ്വാധിനിച്ചത് എന്നതിൽ സംശയമില്ല.
യുവജനത ആഗ്രഹിച്ച വിജയം
യുവജനങ്ങൾ, പ്രത്യേകിച്ച് വനിതാ വോട്ടർമാരാണ് ആപ്പിന്റെ വിജയത്തിന് നെടുംതൂണായതെന്ന് പറയാം. സംസ്ഥാനത്തെ ഗ്രസിച്ച അഴിമതിയെ പൊടിപോലുമില്ലാതെ തൂത്തെറിയുമെന്ന് കേജ്‌രിവാൾ പ്രചരണവാഗ്‌ദ്ധാനം നൽകിയിരുന്നു. ഒപ്പം, സംസ്ഥാനത്തെ വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ സമൂല പരിവർത്തനവും ഉറപ്പുനൽകി. ഇത് ജനങ്ങളെ ഹഠാദാകർഷിച്ചുവെന്നതിൽ സംശയമില്ല. എല്ലാ മാസവും വനിതകളുടെ അക്കൗണ്ടിലേക്ക് 1000 രൂപ ഡെപ്പോസിറ്റ് ചെയ്യുമെന്നുള്ള ഉറപ്പും വോട്ടായി മാറി.
മുഖ്യമന്ത്രി മുഖമായി ഭഗവന്ത് മാൻ
പ്രമുഖ ഹാസ്യതാരമായ ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കികൊണ്ടുള്ള ആപ്പിന്റെ തീരുമാനം ജനങ്ങൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ‌്തു. 2014ലും 2019ലും തുടർച്ചയായി പഞ്ചാബിലെ സംഗരൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം . ഹാസ്യം, പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാൻ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാൻ നർമ്മമൊളിപ്പിച്ച പ്രസംഗങ്ങൾ തന്നെ ധാരാളമാണ്.
ഏറ്റവുമൊടുവിലായി റിസൽട്ട് പുറത്തുവരുമ്പോൾ, ആകെയുള്ള 117 സീറ്റുകളിൽ 89 എണ്ണവും എഎപി നേടിക്കഴിഞ്ഞു. കോൺഗ്രസ് (15) എസ്എഡി(8) എന്നിങ്ങനെയാണ് നില.