sushil-chandra-on-evm-tam

വാരണാസി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം കാണിച്ചുവെന്ന ആരോപണം തള്ളി മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ സുശിൽ ചന്ദ്ര. വാരണാസിയിൽ വോട്ടെണ്ണൽ യന്ത്രത്തിൽ ക്രമക്കേട് കാണിച്ചുവെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപിച്ചിരുന്നു. ഈ ആരോപണത്തെയാണ് അദ്ദേഹം തള്ളിയത്.

ഇവിഎമ്മിൽ കൃതൃമം നടന്നിട്ടില്ല. 2004 മുതൽ അവ തുടർച്ചയായി ഉപയോഗിക്കുന്നു. 2019 മുതൽ എല്ലാ പോളിംഗ് ബൂത്തിലും ഇവിഎമ്മിനൊപ്പം വിവിപാറ്റും ഉപയോഗിക്കുന്നു. വോട്ടിട്ടതിനു ശേഷം അവ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വച്ചാണ് സീൽ ചെയ്യുന്നത് സുശിൽ ചന്ദ്ര പറഞ്ഞു.

വോട്ടെണ്ണൽ സുതാര്യമായ ഒരു പ്രക്രിയയാണ്. വോട്ടെണ്ണൽ നടത്തുന്നതിന് പ്രത്യേക നടപടിക്രമങ്ങളുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ ഉദ്യോഗസ്ഥർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികൾ അധികാരപ്പെടുത്തിയ ഏജന്റുമാരെ മാത്രമേ പ്രവേശിപ്പിക്കുകയുമുള്ളു. വാരണാസിയിലെ വോട്ടിംഗ് യന്ത്രങ്ങൾ മാറ്റിയത് വോട്ടെണ്ണലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായുള്ള പരിശീലനത്തിന്റെ ഭാഗമായായിരുന്നു. അക്കാര്യം രാഷ്ട്രീയ പാർട്ടികളെ നേരത്തേകൂട്ടി അറിയിക്കാതിരുന്നത് എഡിഎമ്മിന്റെ ഭാഗത്തെ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികളുടെ സാന്നിദ്ധ്യത്തിലാണ് ഇവിഎം സീൽ ചെയ്ത് സ്‌ട്രോങ് റൂമിലേക്കു മാറ്റിയത്. വാരണാസിയിലെ ഇവിഎമ്മിനെ പറ്റി ചോദ്യമുയർന്നപ്പോൾ അതിലുണ്ടായിരുന്ന അക്കങ്ങൾ അവരെ കാണിച്ചതാണ്. ആ അക്കങ്ങൾ സ്‌ട്രോങ് റൂമിലുണ്ടായിരുന്നവയിലെ അക്കങ്ങളോട് യോജിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കലും മറ്റൊരാൾക്ക് സ്‌ട്രോങ് റൂമിൽ നിന്ന് ഇവിഎം മാറ്റാനാകില്ല. അതിന് അത്രത്തോളം സുരക്ഷയാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.