
ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അഞ്ചിടത്തും ദയനീയ പരാജയമാണ് കോൺഗ്രസ് നേരിടുന്നത്. ഉത്തർപ്രദേശിൽ കയ്പ്പേറിയ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിൽ നിന്ന് തുടച്ചുനീക്കപ്പെടുകയാണുണ്ടായത്. എന്നാൽ കനത്ത തോൽവി നേരിടുമ്പോഴും തങ്ങൾ വീഴില്ലെന്ന സൂചന നൽകുന്ന കോൺഗ്രസിന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് പന്ത്രണ്ട് മണിയോടെയാണ് ട്വീറ്റ് പുറത്തുവന്നത്. രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് സന്ദേശത്തിലുള്ളത്. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മൾ എന്തിനെയങ്കിലും ഭയപ്പെടുമ്പോൾ നാം തന്നെയാണ് ഭയപ്പെടാൻ തീരുമാനിക്കുന്നതെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗ ഭാഗത്തെ ഉൾപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. തനിക്ക് ഭയമില്ലെന്ന് സ്വയം തീരുമാനിക്കാനാകണമെന്നും നിങ്ങൾ എന്തു ചെയ്താലും തനിക്ക് ഭയമില്ലെന്നും രാഹുൽ പരാമർശിക്കുന്നു.
Fear is a choice. When we're scared of something, we are choosing to be scared of it. We consciously decide that we're going to be scared.
— Congress (@INCIndia) March 10, 2022
But there is also another decision: You can turn around & say I'm not scared.
No matter what you do, I am not scared.: Shri @RahulGandhi pic.twitter.com/Av1mgtP8UC
ഉത്തർപ്രദേശിൽ രണ്ട് സീറ്റും പഞ്ചാബിൽ 17 സീറ്റും ഉത്തരാഖണ്ഡിൽ 25 സീറ്റും ഗോവയിൽ 12 സീറ്റും മണിപ്പൂരിൽ ആറ് സീറ്റുകളുടെ ലീഡുമാണ് നിലവിൽ കോൺഗ്രസിനുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഭരണപക്ഷമായ കോൺഗ്രസ് പഞ്ചാബിൽ ഏറ്റുവാങ്ങിയത്.