gg

മലയാളികളുടെ പ്രിയ നടി കെ.പി.എ.സി ലളിത കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഓർമ്മയായത്. അമ്മയുടെ മരണശേഷം മകൻ സിദ്ധാർത്ഥ് ഭരതൻ തിരികെ ജോലിക്ക് പ്രവേശിച്ചിരിക്കുകയാണ്. അമ്മയുടെ പിറന്നാൾ ദിനമായ ഇന്നലെ, ഹൃദ്യമായ ഒരു കുറിപ്പോടുകൂടി കെ.പി.എ.സി ലളിതയുടെ ഫോട്ടോയും താൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിന്റെ ടീസറും സിദ്ധാർത്ഥ് പങ്കുവെച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ കെ.പി.എ.സി ലളിതയും ഒരു പ്രധാന വേഷത്തിലെത്തുന്നു.

'അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഃഖാചരണം അതോടെ അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന് കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.' എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്.

വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ. സ്‌ട്രെയിറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, സുധീഷ്, ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. അൻവർ അലി, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ, എഡിറ്റിംഗ്: ദീപു ജോസഫ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജംനീഷ് തയ്യിൽ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.