uttarakhand-bjp

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ചരിത്രം കുറിച്ച് കൊണ്ട് ബിജെപിയ്ക്ക് ഭരണത്തുടർച്ച. കോൺഗ്രസിനെ തകർത്തെറിഞ്ഞ് കൊണ്ടാണ് ബിജെപി സംസ്ഥാനത്ത് പുതു ചരിത്രം കുറിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയിരുന്ന ബിജെപിയ്‌ക്കെതിരെ പിന്നീട് കടുത്ത പോരാട്ടം നടത്താൻ കോൺഗ്രസിനായെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി ശക്തമായ ആധിപത്യം നേടുകയായിരുന്നു.

70 സീറ്റുകളുള്ള സംസ്ഥാനത്ത് 44 സീറ്റുകളിലും ബിജെപിയ്ക്കാണ് ലീഡ്. 22 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. ബഹുജൻ സമാജ് പാർട്ടി 2 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. സ്വതന്ത്രർ 2 സീറ്റുകളിൽ ലീഡ് നേടിയപ്പോൾ ഒരിടത്ത് പോലും ആംആദ്മിയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. സംസ്ഥാനത്ത് ആംആദ്മിയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ പ്രവചിച്ചത്. 'ഒരവസരം തരൂ' എന്ന മുദ്രാവാക്യം ഉയർത്തി ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനിറങ്ങിയ ആംആദ്മിയ്ക്ക് നിരാശയാണ് ഫലം.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിച്ച ഉത്തരാഖണ്ഡിൽ ബിജെപിയുടെ തേരോട്ടമാണ് കാണാനായത്. തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിൽ ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു. 2000 നവംബർ 9ന് ഇന്ത്യയുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്. 13 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഡെറാഡൂൺ തലസ്ഥാനമായ ഉത്തരാഖണ്ഡ് 53,483 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു. പതിനൊന്ന് കോടിയാണ് ഉത്തരാഖണ്ഡിലെ ആകെ ജനസംഖ്യ.

സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഏറ്റവുമൊടുവിലത്തെ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 57 സീറ്റും സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 11 സീറ്റ് മാത്രമാണ് അന്ന് നേടാനായത്. മറ്റുള്ളവർ രണ്ട് സീറ്റുകൾ നേടിയിരുന്നു. അഞ്ച് വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരുന്നത്. ഇത്തവണ ഭരണത്തുടർച്ച നേടികൊണ്ട് പുതിയ ചരിത്രം ബിജെപി രചിച്ചിരിക്കുകയാണ്.

അതേസമയം ബിജെപിയുടെയും കോൺഗ്രസിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിമാർ പരാജയഭീതിയിലാണ്. ഖതിമ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി പുഷ്‌ക്കർസിംഗ് ധാമിയ്‌ക്കെതിരെ കോൺഗ്രസിന്റെ ഭുവാൻ കപ്രിയാണ് മുന്നിൽ. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്തിന്റെ പരാജയം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥി മോഹൻ സിംഗ് ബിഷ്ട് ഏഴായിരത്തോളം വോട്ടുകൾക്ക് ഹരീഷ് റാവത്തിനെതിരെ ലീഡ് നേടിയിട്ടുണ്ട്. ലാൽകുവ മണ്ഡലത്തിൽ നിന്നാണ് ഹരീഷ് റാവത്ത് ജനവിധി തേടിയത്.