
ലക്‌നൗ: കോൺഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും റായ്ബറേലിയിലും പാർട്ടി കനത്ത പരാജയം നേരിടുന്നു. അമേഠിയിൽ സമാജ്‌വാദി പാർട്ടിയുടെ മഹാരാജി പ്രജാപതിയാണ് ലീഡ് ചെയ്യുന്നത്. തൊട്ടുപിന്നിലായി ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സഞ്ജയ് സിംഗുമുണ്ട്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകട്ടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആശിഷ് ശുക്ലയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത പരാജയമാണ് അമേഠിയിൽ നേരിടേണ്ടി വന്നത്. 15 വർഷം ഭരിച്ച മണ്ഡലത്തിൽ രാഹുൽ ഗാന്ധി തോറ്റത് ബിജെപിയുടെ സ്‌മൃതി ഇറാനിയോടായിരുന്നു.
ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും അതിലൊന്നും ജനങ്ങളുടെ മനസ് മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്‌ബറേലിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.
റായ്ബറേലിയിൽ അദിതി സിംഗും ഹർചന്ദപൂറിൽ രാകേഷ് സിംഗുമാണ് അന്ന് ജയിച്ചത്. പക്ഷേ, ഇത്തവണ ഇരുവരും ബിജെപി ചിഹ്നത്തിലാണ് മത്സരിക്കുന്നതെന്നൊരു കൗതുകം കൂടിയുണ്ട്. ഇരുവരും വ്യക്തമായ ലീഡ് ഉയർത്തുന്നുണ്ട്.