
ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും വീണ്ടും ഒരുമിച്ചഭിനയിക്കുന്നു. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വി.എം. വിനു സംവിധാനം ചെയ്ത്, 2009ൽ പുറത്തിറങ്ങിയ മകന്റെ അച്ഛൻ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടർന്ന് 2011ൽ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ ഒരുങ്ങിയ ട്രാഫിക്, 2012 ൽ സജിൻ രാഘവൻ സംവിധാനം ചെയ്ത പദ്മശ്രീ ഡോക്ടർ സരോജ് കുമാർ, ജൂഡ് ആന്റണി ജോസഫിന്റെ 2016 ചിത്രം ഒരു മുത്തശ്ശി ഗദ, 2018ൽ എം. മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ, ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസൻ 2019ൽ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.
മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ ആണ് കുറുക്കൻ നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് അവസാനഘട്ടത്തിലാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നുവെന്നാണ് ലഭിച്ച വിവരം.
അതേസമയം നവാഗതനായ ഷാബു ഉസ്മാൻ കോന്നി കഥയും സംവിധാനം ചെയ്യുന്ന ലൂയിസ് എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ഇപ്പോൾ അഭിനയിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ശ്രീനിവാസൻ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.