assembly-election

ന്യൂഡൽഹി: രാജ്യത്ത് അ‌ഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അ‌ഞ്ചിൽ നാലിടത്തും വിജയമുറപ്പിക്കാനൊരുങ്ങി ബി ജെ പി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബി ജെ പി കനത്ത ലീഡ് നേടി മുന്നേറുന്നത്. പഞ്ചാബിൽ ഭരണപക്ഷത്തിരുന്ന കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്‌മി പാർട്ടി ശക്തി തെളിയിച്ചിരിക്കുന്നു. അഞ്ചിടങ്ങളിലും ദയനീയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഉത്തർപ്രദേശിൽ ഒറ്റ അക്കത്തിൽ തന്നെ തുടരുന്ന ബി എസ് പിക്ക് അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. ഡൽഹിക്ക് അപ്പുറത്തേക്കും ആം ആദ്‌മി പാർട്ടിക്ക് ചുവടുവയ്ക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്.

ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി കുതിപ്പ് തുടരുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി ജെ പി ഭരണത്തുടർച്ച നേടുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 268 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്. കോൺഗ്രസ്, കർഷക സമര ശക്തികേന്ദ്രങ്ങളും ഇതിൽപ്പെടും. മുഖ്യമന്ത്രി യോഗി ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്. 130 സീറ്റുകളുടെ ലീഡുമായി എസ് പി പിന്നാലെയുണ്ട്. കോൺഗ്രസ് രണ്ട് സ്ഥലത്തും ബി എസ് പി ഒരു സ്ഥലത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബിൽ കോൺഗ്രസ് വൻ തകർച്ചയാണ് ഏറ്റുവാങ്ങിയത്. ആപ്പിന്റെ(എ എ പി ) തേരോട്ടത്തിന് മുന്നിൽ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പിന്നിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ് നേരിടേണ്ടി വന്നത്. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് എ എ പി-92, കോൺഗ്രസ്-18, ബി ജെ പി-2,എസ് എ ഡി-4 എന്നിങ്ങനെയാണ് ലീഡ് നില.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ലീഡ് നിലയിൽ ബി ജെ പിയാണ് മുന്നിൽ. 48 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 18 സീറ്റുകളുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മറ്റുള്ളവർ നാല് സീറ്റിൽ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ബിജെപിക്കായിരുന്നു മുൻതൂക്കം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ഒരു സീറ്റിൽ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോൾ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു സർവേ ഫലങ്ങൾ പ്രവചിച്ചിരുന്നത്. 'ഒരവസരം തരൂ' എന്നായിരുന്നു ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ എഎപി മുന്നോട്ട് വച്ച മുദ്രാവാക്യം.

മണിപ്പൂരിൽ 60 സീറ്റിൽ 32 ഇടത്തും ലീഡ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങുകയാണ് ബിജെപി. കോൺഗ്രസിന് 2017ൽ നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ പകുതിയിൽ പോലും ലീഡ് പിടിക്കാൻ ഇനിയുമായിട്ടില്ല. ആകെ നാലിടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ്.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ ഗോവയിൽ ഭരണത്തുടർച്ചയ്ക്കൊരുങ്ങി ബി ജെ പി. 20 സീറ്റുകളിലായി ബി ജെ പി ലീഡ് നില തുടരുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോൺഗ്രസ് പിന്നാലെയുണ്ട്. തൃണമൂൽ മൂന്നിടത്തും എ എ പി രണ്ടിടത്തും ലീഡു ചെയ്യുന്നുണ്ട്. ഇത്തവണ എ എ പിക്ക് ഗോവയിൽ അക്കൗണ്ട് തുറക്കാനാകുമോ എന്നതും നിർണായകമാകും. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാർത്ഥികളാണ് അങ്കം കുറിച്ചത്.