
കൊച്ചി: ഹോട്ടൽ മുറിയിൽ മുത്തശ്ശിയുടെ കാമുകൻ കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിനെ നാട്ടുകാർ മർദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവനെയാണ് ഭാര്യ ഡിക്‌സിയുടെ ബന്ധുക്കളും നാട്ടുകാരും മർദിച്ചത്. ഇയാളുടെ കാർ തല്ലിപ്പൊളിച്ചു.
ഇന്നലെ രാത്രിയായിരുന്നു ഇയാൾക്ക് മർദനമേറ്റത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ കൊന്നത് തന്റെ അമ്മയുടെ സുഹൃത്തല്ല, അത് തന്റെ രണ്ടാനപ്പനാണ്. അവൻ മൂന്ന് വർഷമായി വീട്ടിലുണ്ട്. അവൻ അമ്മയുടെ തുണി അലക്കും, പാത്രം കഴുകും കഞ്ഞിയും കറിയും വച്ച് വീട്ടിലിരിക്കും. അവൻ ഇങ്ങനെയൊരുത്തനാണെന്ന് ആരെങ്കിലും അറിഞ്ഞോ? പോസ്റ്റ്‌മോർട്ടം വേണമെന്ന് പറഞ്ഞത് താനാണെന്ന് സജീവൻ പറയുന്നതും വീഡിയോയിലുണ്ട്.
കൊല്ലാതെ വിട്ടത് ഇവിടത്തെ ആൾക്കാരുടെ മര്യാദയാണെന്ന് ഇയാളോട് നാട്ടുകാർ പറഞ്ഞു. സജീവും, മാതാവ് സിപ്‌സിയും ഇവരുടെ കാമുകൻ ബിനോയിയും സ്ഥിരം ലഹരി, മോഷണകേസുകളിൽ പ്രതികളാണ്.
മൂന്നുമാസം മുമ്പ് ഡിക്സി വിദേശത്തേക്ക് പോയിരുന്നു. പിന്നാലെ രണ്ടു പേരക്കുട്ടികളെയും ഒപ്പംകൂട്ടി വിവിധ ലോഡ്ജുകളിൽ താമസിച്ചായിരുന്നു സിപ്സി ലഹരി കച്ചവടം നടത്തിയിരുന്നത്. കുട്ടികളുമായി താമസിക്കുന്നതിനാൽ ആരും സംശയിച്ചിരുന്നില്ല.