bindu-ammini-

കോഴിക്കോട്: ബിജെപിയ്ക്ക് എതിരെയുള്ള ജനവികാരം ഏകീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇക്കാരണം കൊണ്ടാണ് ബിജെപി പലസ്ഥലങ്ങളിലും വിജയിച്ചത്. സംഘപരിവാറിനെതിരെ വിശാലമായ ഒരു ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെല്ലാം ഒരുമിച്ചു നിൽക്കേണ്ടിയിരുന്നുവെന്നും ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആം ആദ്മി പാർട്ടി സ്ത്രീകൾക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരികയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. കൂടാതെ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി അവർ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കി. അതിനാലാണ് പഞ്ചാബിൽ എഎപി വിജയിച്ചത്. അഖിലേഷ് യാദവിന്റെ കടും പിടിത്തമാണ് സമാജ് വാദി പാർട്ടിക്ക് തിരിച്ചടിയേൽക്കാൻ കാരണമെന്നും അവർ പോസ്റ്റിൽ കുറ്റപ്പെടുത്തി.

ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ ആ താൽപര്യമില്ലായ്മയെ വോട്ടാക്കി മാറ്റാൻ മറ്റു പാർട്ടികൾക്ക് സാധിച്ചില്ല. കോൺഗ്രസിന്റെതുൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പാളിച്ച ബിജെപി തങ്ങൾക്കനുകൂലമാക്കി മാറ്റുകയായിരുന്നു. അതിലവർ വിജയിച്ചു. ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനാൽ അവർക്കെതിരെ ശക്തമായ ബദൽ കെട്ടിപ്പടുക്കാൻ ബാക്കിയുള്ള രാഷ്ട്രീയ പാർട്ടികൾ അടിയന്തരമായി ഐക്യപ്പെടണമെന്നും ബിന്ദു പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,

ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്ക് വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് എതിരെ ശക്തമായ മുന്നണി രൂപീകരിക്കുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു എന്നത് കൂടി ആണ് ഇന്നത്തെ തെരഞ്ഞെടുപ്പു ഫലങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാറിനെതിരെ വിശാല ജനാതിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനു സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, കോൺഗ്രസ്‌, ബി എസ് പി, ആസാദ്‌ സമാജ് പാർട്ടി, തുടങ്ങിയവരെല്ലാം ഒരുമിച്ചു നിൽക്കേണ്ടിയിരുന്നു.

ബിജെപിക്കും കൂട്ട് കക്ഷികൾക്കും എതിരായ ജനകീയ വികാരം ഐക്യപ്പെടുത്തുന്നതിലെ പാളിച്ചകൾ ബിജെപി വോട്ട് ആക്കി മാറ്റിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും പോൾ ചെയ്ത മുഴുവൻ വോട്ടിന്റെയും എത്ര ശതമാനം എൻഡിഎ യ്ക്ക് ലഭിച്ചു എന്ന കണക്കു നോക്കിയാൽ മനസ്സിലാക്കാവുന്നതാണ് ബിജെപി വിരുദ്ധ ട്രെൻഡ്. എന്നാൽ അത് ഏകീകരിക്കുന്നതിൽ വന്ന വീഴ്ച ഗുരുതരമായ ഒന്ന് തന്നെ ആണ്. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെയും മറ്റും നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾളെ ആം ആദ്മി പാർട്ടി നടപ്പാക്കിയ പല പദ്ധതികളും ആകർഷിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നടപ്പാക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു നടത്തിയ ഇടപെടലുകളുമൊക്കെ ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്വാധിനിച്ചിട്ടുണ്ട്.

അഖിലേഷ് യാദവ്ന്റെ അമിത ആത്മ വിശ്വാസവും സീറ്റ് വിഭജനത്തിൽ കടും പിടുത്തം പുലർത്തിയതും വിശാല മുന്നണി കെട്ടിപ്പടുക്കുന്നതിലെ പരാജയങ്ങളിൽ ഒന്നാണ്. ഈ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക്‌ ബിജെപി യെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നു എന്ന്‌ തന്നെ ആണ് കാണിക്കുന്നത്. എന്നാൽ ജനങ്ങളുടെ വികാരം ശരിയായി പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും വോട്ടുകൾ ഏകീകരിക്കുന്നതിലും പറ്റിയ വീഴ്ച സ്വയം വിമർശനപരമായി കണ്ടു ശക്തമായ ബദൽ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കു മുഴുവൻ ജനാതിപത്യ ശക്തികളും അടിയന്തിരമായി ഐക്യപ്പെടുക എന്നത് കാലം ആവശ്യപ്പെടുന്ന നീതിയാണ്.