sreesanth

മലയാളികൾക്ക് ഏറെക്കുറെ അപരിചിതമായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേളീമികവുകൊണ്ടും വിവാദങ്ങൾകൊണ്ടും ദീർഘനാൾ നിറഞ്ഞുനിന്ന താരമാണ് എസ്.ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ കുടുങ്ങി അവസാനിച്ചുപോകുമെന്ന് തോന്നിയ കരിയർ കോടതിമുറിയിലെ പോരാട്ടത്തിലൂടെ പുനർജനിപ്പിച്ചയാളാണ് ശ്രീശാന്ത്. വീണ്ടും ഗ്രൗണ്ടിലിറങ്ങുമെന്നും കേരളത്തിന്റെയെങ്കിലും കുപ്പായമണിയുമെന്നും ഒരുപക്ഷേ ശ്രീശാന്തല്ലാതെ മറ്റാരും ഉറച്ചുവിശ്വസിച്ചിരുന്നില്ല. തന്റെ സ്വപ്നത്തിനുവേണ്ടി ഏതറ്റം വരെയും പോരാടാൻ ശ്രീ തയ്യാറായിരുന്നു. അസാദ്ധ്യമെന്ന് കരുതിയിരുന്നത് സാധിക്കുകയായിരുന്ന ശ്രീശാന്ത് ഒടുവിൽ കളിക്കാരനെന്ന നിലയിലെ കരിയർ അവസാനിപ്പിക്കുകയാണ്. ശ്രീശാന്തിന്റെ കരിയറിലെയും ജീവിതത്തിലെയും പ്രധാന സംഭവങ്ങളിലൂടെ...

2005

ഒക്ടോബർ 25ന് നാഗ്പൂരിൽ ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് ശ്രീശാന്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അരങ്ങേറ്റം. ന്യൂബാളെടുത്ത ശ്രീയെ ആദ്യ ഓവറുകളിൽ സംഗക്കാരയും ജയസൂര്യയും ആക്രമിച്ചെങ്കിലും രണ്ടാം സ്പെല്ലിൽ ദിൽഹാര ലോകുഹെറ്റിഗെയുടെ കുറ്റി തെറുപ്പിച്ച് ആദ്യ വിക്കറ്റ്. ആ മത്സരത്തിൽ 5.4 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടുവിക്കറ്റ്.

2006

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റവും നാഗ്പൂരിലായിരുന്നു. എതിരാളികൾ ഇംഗ്ളണ്ട്.ആദ്യ വിക്കറ്റ് ആൻഡ്രൂ സ്ട്രോസിന്റേത്. ആദ്യ മത്സരത്തിലെ ആദ്യമത്സരത്തിൽ കെവിൻ പീറ്റേഴ്സണെ ക്ളീൻ ബൗൾഡാക്കിയത് ഉൾപ്പടെ നാലുവിക്കറ്റുകൾ. .ആ പരമ്പരയിലെ മുംബയ് ടെസ്റ്റിൽ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം.തുടർന്ന് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആന്ദ്രേ നെല്ലിനെ സിക്സടിച്ചശേഷം നടത്തിയ ഡാൻസ് തരംഗമായി.

2007

പ്രഥമ ട്വന്റി-20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗം.ആസ്ട്രേലിയയ്ക്ക് എതിരായ സെമിഫൈനലിൽ മാത്യു ഹെയ്ഡന്റെയും ആദം ഗിൽക്രിസ്റ്റിന്റെയും കുറ്റി പിഴുത ശ്രീയുടെ ബൗളിംഗ് നിർണായകമായി. പാകിസ്ഥാനെതിരായ ഫൈനലിന്റെ അവസാന ഓവറിൽ മിസ്ബ ഉൾ ഹഖിന്റെ ക്യാച്ച് ഷോർട്ട് ഫൈൻ ലെഗ്ഗിൽ ശ്രീശാന്ത് എടുത്തതോടെയാണ് ഇന്ത്യയ്ക്ക് കിരീടം ലഭിച്ചത്.

2008

ആദ്യ സീസൺ ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്നു ശ്രീശാന്ത്. മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ കരണത്തടിച്ചതും ശ്രീ പൊട്ടിക്കരഞ്ഞതും വലിയ വിവാദമായി. ഇതിന്റെ പേരിൽ ഹർഭജന് വിലക്ക് നേരിടേണ്ടിവന്നു.പിന്നീട് ശ്രീയും ഹർഭജനും തമ്മിലുള്ള പിണക്കം മാറുകയും ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്.

2009

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവിന്റെ വർഷം. കാൺപൂരിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തിയായിരുന്നു ശ്രീയുടെ മടങ്ങിവരവ്. രണ്ടാം ടെസ്റ്റിൽ ഒരു വിക്കറ്റും നേടി മാൻ ഒഫ് ദ മാച്ചായത് ശ്രീയാണ്.

2011

ഏകദിന ലോകകപ്പ് നേടിയ ടീമിൽ പ്രവീൺകുമാറിന് പകരക്കാരനായാണ് ശ്രീശാന്ത് എത്തിയത്. ആദ്യ മത്സരത്തിൽ വിക്കറ്റെടുക്കാതെ അഞ്ചോവറിൽ 53 റൺസ് വഴങ്ങിയതോടെ സൈഡ് ബെഞ്ചിലായി.പിന്നെകളിച്ചത് ഫൈനലിലാണ്. എട്ടോവറിൽ 52 റൺസ് വഴങ്ങി വിക്കറ്റ് നേടിയില്ലെങ്കിലും കിരീടനേട്ടത്തിൽ പങ്കാളിയായി. ശ്രീശാന്ത് ഏകദിനത്തിൽ അവസാനമായി കളിച്ചത് ലോകകപ്പ് ഫൈനലിലായിരുന്നു.ഇതേവർഷം ഇംഗ്ളണ്ടിൽ വച്ച് അവസാന ടെസ്റ്റ്.

2012

ലാണ് ശ്രീശാന്ത് ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിലെത്തുന്നത്.ആദ്യ സീസണിൽ പഞ്ചാബിലായിരുന്ന ശ്രീ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു.2011ൽ കൊച്ചിൻ ടസ്കേഴ്സിലെത്തി. രാജസ്ഥാനിലെത്തി ആദ്യ വർഷം പക്ഷേ പരിക്കുമൂലം കളിക്കാനിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

2013

മേയ് 16നാണ് രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായിരുന്ന അജിത് ചാന്ദില്യ,അങ്കിത് ചവാൻ എന്നിവർക്കൊപ്പം സ്പോട്ട്ഫിക്സിംഗ് കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ ചാർജുകളായിരുന്നു കുറ്റപത്രത്തിൽ . തിഹാർ ജയിലേക്കാണ് വിചാരണത്തടവുകാരനായി മാറ്റിയത്. ഇതോടെ ബി.സി.സി.ഐ ആജീവനാന്തകാലത്തേക്ക് വിലക്കി.

2015

സുപ്രീം കോടതിയിലെ നിയമപോരാട്ടത്തിനൊടുവിൽ ശ്രീശാന്തിനെ കുറ്റവിമുകതനാക്കുന്നു.അപ്പോഴും ബി.സി.സി.ഐയുടെ ആജീവനാന്തവിലക്ക് നിലനിൽക്കുകയായിരുന്നു.അത് റദ്ദാക്കാനായിരുന്നു പിന്നീടുളള പോരാട്ടം.

2019

ആജീവനാന്തവിലക്ക് ശരിവച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ന്യായമായ രീതിയിൽ വിലക്ക് പുനക്രമീകരിക്കാൻ ബി.സി.സി.ഐയോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് വിലക്ക് ഏഴുവർഷത്തേക്കാക്കി മാറ്റി. അടുത്ത വർഷത്തോടെ കളിക്കളത്തിലിറങ്ങാൻ അനുവാദവും നൽകി.

2021

കൊവിഡ് കാലത്തെ കാത്തിരിപ്പിന് ശേഷം കളിക്കളത്തിലേക്കുള്ള ശ്രീയുടെ തിരിച്ചുവരവ് നടന്ന വർഷം. കേരളത്തിനായി സെയ്ദ് മുഷ്താഖ് ട്രോഫിയിലായിരുന്നു മടങ്ങിവരവ്.പുതുച്ചേരിക്കെതിരായ മത്സരത്തിൽ ഫാബിദ് അഹമ്മദിനെ ക്ളീൻ ബൗൾഡാക്കിയായിരുന്നു തിരിച്ചുവരവിലെ ആദ്യ വിക്കറ്റ് നേട്ടം. ആ വർഷം വിജയ് ഹസാരേ ട്രോഫിയിലും കളിച്ചു.

2022

രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവ് മണിപ്പൂരിനെതിരായ മത്സരത്തിൽ. ഒരു വിക്കറ്റ് വീഴ്ത്തി. അടുത്ത മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റത് തിരിച്ചടിയായി.രഞ്ജി സീസൺ അവസാനിച്ചതിന് ശേഷം വിരമിക്കൽ പ്രഖ്യാപനം. ഐ.പി.എൽ താരലേലത്തിലെ തിരിച്ചടിയും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.