
വാഷിംഗ്ടൺ: യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ അഭ്യർത്ഥന മാനിച്ച് റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകങ്ങളും കൽക്കരിയും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് യൂറോപ്യൻ യൂറോപ്യൻ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചതായി അമേരിക്ക. ആഭ്യന്തര ഊർജ ഉൽപാദനത്തിലും അടിസ്ഥാനങ്ങളിലും മുന്നിലാതിനാലാണ് അമേരിക്കയ്ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാനാതെന്നും എന്നാൽ എല്ലാ സഖ്യകക്ഷികളും നിലവിൽ ഈ തീരുമാനത്തിൽ അമേരിക്കയോടൊപ്പം നിൽക്കാൻ പറ്റുന്ന അവസ്ഥയിലല്ലെന്ന് മനസിലാക്കുന്നതായും യു.എസ് അറിയിച്ചു. അതിനാൽ ഈ വിഷയത്തിൽ അവരുടെ മേൽ യാതൊരു വിധ സമ്മർദ്ദം ചെലുത്തില്ലെന്നും യു.എസ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും റഷ്യയിൽ നിന്നുള്ള എണ്ണയുടേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയും ഇറക്കുമതി ഈ വർഷം അവസാനത്തോടെ പൂർണമായും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കെതിരെയുള്ള ഉപരോധം കടുപ്പിക്കുന്ന സാഹചര്യത്തിൽ , ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ റഷ്യക്കാവുമെന്നും ഇനിയൊരിക്കലും യൂറോപ്യൻ രാജ്യങ്ങളെ ഒരു തരത്തിലും ആശ്രയിക്കാത്ത തരത്തിൽ സ്വയം പര്യാപ്തത നേടാൻ രാജ്യം ശ്രമിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
അതേ സമയം റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച യു.എസ് തീരുമാനം ക്രൂഡ് ഓയിൽ വില വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് വിദഗ്ധർ. ഉപരോധം തുടർന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 300 ഡോളർ വരെയാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ നിയന്ത്രണങ്ങൾ മൂലം എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് വില വർദ്ധനവിന് പ്രധാന കാരണം.
റഷ്യയുമായുള്ള ബന്ധം മരവിപ്പിച്ച് ലോക സാമ്പത്തിക ഫോറം
റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ സ്ഥാപനങ്ങളുമായുള്ള എല്ലാതരത്തിലുമുള്ള ഇടപാടുകളും മരവിപ്പിച്ചതായി ലോക സാമ്പത്തിക ഫോറം അറിയിച്ചു. ഉപരോധ പട്ടികയിലുള്ളവർക്ക് ദാവോസിൽ നടക്കുന്ന ഫോറത്തിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഫോറം അറിയിച്ചിട്ടുണ്ട്. യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച സാമ്പത്തിക ഫോറം, അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കുന്ന ഉപരോധ നടപടികൾക്കൊപ്പം നിൽക്കുകയാണെന്നും വ്യക്തമാക്കി.