
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയെ കളിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി ടി ബൽറാം. ഇന്ന് രാവിലെ ആലപ്പുഴയിൽ നടന്ന വലിയഴീക്കൽ പാലം ഉദ്ഘാടനവേളയിലാണ് അദ്ദേഹം രമേശ് ചെന്നിത്തലയെയും കോൺഗ്രസ് പാർട്ടിയെയും കളിയാക്കിയത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.
സ്വാഗത പ്രസംഗം നടത്തുമ്പോൾ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓർക്കുന്നത്. നാടിന്റെ വികസന പദ്ധതികൾക്ക് നാമെല്ലാവരും ഒന്നിച്ച് നിൽക്കണം. ഈ പാലം യാഥാർത്ഥ്യമായതിൽ രമേശ് ചെന്നിത്തലയ്‌ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് പറഞ്ഞു. പക്ഷേ എന്റെ കണക്കുകൂട്ടലിൽ അദ്ദേഹത്തിന് ഇന്ന് ഒരു ദുർദിനമാണ്. അത് വേറൊരു കാര്യമാണ്. ആ കാര്യം ഇപ്പോൾ പരാമർശിക്കുന്നില്ല'. ഇങ്ങനെയായിരുന്നു പിണറായിയുടെ വാക്കുകൾ.
എന്നാൽ ഇതിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയിരിക്കുകയാണ് വി ടി ബൽറാം. ശരിയാണ് സെർ. ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ.’ ഇങ്ങനെയായിരുന്നു ബൽറാം കുറിച്ചത്.