
കീവ് : യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളിൽ കുട്ടികളുടെ ആശുപത്രി ലക്ഷ്യമാക്കി റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഡോക്ടർമാരും കുട്ടികളും ഗർഭിണികളുമുൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. നഗരത്തിലെ മറ്റ് രണ്ട് ആശുപത്രികളിൽ കൂടി റഷ്യൻ സൈന്യം ആക്രമണം നടത്തിയതായാണ് വിവരം. ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുന്ന റഷ്യൻ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധമുയരുന്നു.
അതേ സമയം കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എൻ രംഗത്തെത്തി. നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം ക്രൂരമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. '' മരിയുപോളിൽ കുട്ടികളുടെയും പ്രസവ വാർഡുകൾക്കും നേരെ നടന്ന ആക്രമണം ഭയാനകമാണ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് വലിയ വിലയാണ് നിരപരാധികളായ ജനങ്ങൾ നൽകുന്നത്. ഈ രക്തച്ചൊരിച്ചിൽ എങ്ങനേയും അവസാനിപ്പിക്കണം. അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു. അതേ സമയം ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ റഷ്യയെ രൂക്ഷമായി വിമർശിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി രംഗത്തെത്തി. റഷ്യയുടെ ക്രൂരതയിൽ നിരവധിയാളുകളാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേ സമയം ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നെന്ന ആരോപണം നിഷേധിച്ച് റഷ്യ രംഗത്തെത്തി.ഇത് കെട്ടിച്ചമച്ച വാർത്തയാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാഖ്റോവ അറിയിച്ചു. അതേ സമയം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെപ്പറ്റി സൈന്യത്തോട് വിശദീകരണം തേടുമെന്നും നിലവിൽ സംഭവത്തെക്കുറിച്ച് അറിവില്ലെന്നും ക്രെംലിൻ വക്താവ് അറിയിച്ചു.
അതേ സമയം മരിയുപോളിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്.400,000 ആളുകൾ താമസിക്കുന്ന മരിയുപോളിൽ വൈദ്യുതിയും ഭക്ഷണവും ഇല്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്.
പ്രദേശവാസികൾക്ക് സഹായവുമായെത്തിയ മനുഷ്യാവകാശ പ്രവർത്തകർക്ക് മേഖലയിൽ ആക്രമണം തുടരുന്നതിനാൽ തിരിച്ചു പോകേണ്ടി വന്നതായാണ് വിവരം.