valiyazhikkal
ആലപ്പുഴ - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി.എ മുഹമ്മദ് റിയാസ്, പി.പ്രസാദ്,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, എ.എം ആരീഫ് എം.പി തുടങ്ങിയവർസമീപം

□വലിയഴീക്കൽ പാലം നാടിന് സമർപ്പിച്ചു

ആലപ്പുഴ: ഭാവി തലമുറകളെ മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വികസന പദ്ധതികൾ വരുമ്പോൾ ഭിന്നതയല്ല ആവശ്യം. ഒന്നിച്ച് നിന്ന് നടപ്പാക്കുകയാണ് വേണ്ടത്. വലിയഴീക്കൽ പാലം യാഥാർത്ഥ്യമായതോടെ മേഖലയുടെ വിനോദസഞ്ചാര സാദ്ധ്യതകൾ ഗണ്യമായി വർദ്ധിക്കും. അതു കണക്കിലെടുത്ത് ഇവിടെ ആവശ്യമായ അധിക സൗകര്യങ്ങൾ വിനോദസഞ്ചാര വകുപ്പ് ഏർപ്പെടുത്തും. അതോടെ മേഖല ലോകശ്രദ്ധയിലേക്ക് ഉയരും. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കുള്ള യാത്രയുടെ ദൂരം 28 കിലോമീറ്ററായി കുറയ്ക്കുന്നതാണ് പ്രധാന പ്രത്യേകത. പാലം നിർമിക്കുന്നതിന് ആദ്യം മുൻകൈയെടുത്ത ഇവിടുത്തെ ജനപ്രതിനിധിയായ രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുന്നു. അതേസമയം ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമാണെന്ന് പറഞ്ഞ രമേശിന് ഇന്ന് ദുർദിനം കൂടിയാണ്. അക്കാര്യം എന്താണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാർ കന്നിയാത്ര നടത്തി. പാലത്തിന് സമീപം നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.

പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എൽ.എ.മാരായ സി.ആർ. മഹേഷ്, പി.പി. ചിത്തഞ്ജൻ, ജില്ലാ കളക്ടർമാരായ ഡോ. രേണു രാജ്(ആലപ്പുഴ ), അഫ്‌സാന പർവീൺ(കൊല്ലം), പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. രമേശ് ചെന്നിത്തല എം.എൽ.എ സ്വാഗതവും സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. മഞ്ജു നന്ദിയും പറഞ്ഞു. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ മുഖ്യമന്ത്രിയെ ഉപഹാരം നൽകി ആദരിച്ചു.