shane-warne

വാണിന്റെ മൃതദേഹം ആസ്ട്രേലിയയിലെത്തിച്ചു

മെൽബൺ : ക്രിക്കറ്റ് ആരാധകരെ മുഴുവൻ ഞെട്ടിക്കുന്നതായിരുന്നു ആസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷേൻ വാണിന്റെ അപ്രതീക്ഷിത വിയോഗം.തായ്‌ലാൻഡിലെ കോ സമുയി ദ്വീപിലെ തന്റെ വിശ്രമകാല വസതിയിൽ ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാൺ മരണത്തിന് കീഴടങ്ങിയത്.

വാണിന്റെ മൃതദേഹം ഇന്നലെ തായ്ലാൻഡിൽ നിന്ന് ജന്മനാടായ മെൽബണിലെത്തിച്ചു. തായ്‌ പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ പ്രത്യേക വിമാനത്തിൽ ആസ്ട്രേലിയയിലേക്ക് കൊണ്ടുപോയത്. മൃതദേഹം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യചടങ്ങിൽ സംസ്കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 30ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വാണിന്റെ ചരമശുശ്രൂഷ ചടങ്ങുകളും അനുസ്മരണവും നടത്തും. ദേശീയ ബഹുമതികളോടെയാവും വാണിന്റെ സംസ്കാരമെന്ന് വിക്ടോറിയ ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്.

708 വിക്കറ്റുകൾ ഷേൻ വാൺ ടെസ്റ്റിൽ നേടിയിട്ടുണ്ട്. മുരളീധരൻ മാത്രമാണ് 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരൻ മാത്രമാണ് വാണിന് മുന്നിലുള്ളത്.

8-71 1994ൽ ഇംഗ്ളണ്ടിനെതിരെ ബ്രിസ്ബേനിൽ ഒരു ഇന്നിംഗ്സിൽ എട്ടുവിക്കറ്റുകൾ വീഴ്ത്തിയതാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

293 വിക്കറ്റുകളാണ് ഏകദിനത്തിൽ നേടിയത്. 1996ൽ വിൻഡീസിനെതിരെ മാത്രമാണ് ഏകദിനത്തിലെ അഞ്ചുവിക്കറ്റ് നേട്ടം.

37 കരിയറിലാകെ മുപ്പത്തിയേഴുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

145 ടെസ്റ്റുകളിൽ ആസ്ട്രേലിയൻ കുപ്പായമണിഞ്ഞു.194 ഏകദിനങ്ങളിലും കളിച്ചു. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ആകെ 301 മത്സരങ്ങൾ.

1992ൽ ഇന്ത്യയ്ക്ക് എതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം. രവി ശാസ്ത്രിയുടെ വിക്കറ്റാണ് ആദ്യം വീഴ്ത്തിയത്. 1993ൽ കിവീസിനെതിരെ ഏകദിന അരങ്ങേറ്റം.

2008ൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനും കോച്ചുമായി ഐ.പി.എൽ കിരീടനേട്ടം.

2013ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2012ൽ ക്രിക്കറ്റ് ആസ്ട്രേലിയയുടെയും 2013ൽ ഐ.സി.സിയുടെയും ഹാൾ ഒഫ് ഫെയിമിൽ.