
മോസ്‌കോ: യുക്രെയിനും റഷ്യയും തമ്മിലുള്ള മൂന്നാം ചർച്ചയും വെടിനിറുത്തലിൽ യാതൊരു ധാരണയും ആവാതെ പിരിഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബയുമാണ് തുർക്കിയിലെ ആന്റലിയയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. തുർക്കി പ്രസിഡന്റ് രജിബ് തയ്യിപ് എർദൊഗൻ നടത്തുന്ന അനുരഞ്ജനശ്രമങ്ങളുടെ ഭാഗമായാണ് തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ് ചവുഷോഗ്ലുവിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയത്.
വെടിനിറുത്തൽ, സാധാരണക്കാരുടെ ഒഴിപ്പിക്കൽ എന്നീ വിഷയങ്ങളിൽപ്പോലും ധാരണയായില്ലെന്ന് കുലേബ പറഞ്ഞു. യുക്രെയിൻ നയതന്ത്ര ചർച്ചയിലൂടെ പരിഹാരം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വെടിനിറുത്തലിന് റഷ്യയ്‌ക്ക് താത്പ്പര്യമില്ല. യുദ്ധം തുടങ്ങിയ രാജ്യത്തിന് അത് നിറുത്താൻ താത്പ്പര്യമില്ലെങ്കിൽ യുക്രെയിന് ഒന്നും ചെയ്യാനാവില്ല, മരിയുപോളിലെ മാനുഷിക ഇടനാഴി തുറക്കേണ്ടത് അത്യാവശ്യമാണ്. 24 മണിക്കൂറെങ്കിലും വെടിനിറുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഇനിയും ചർച്ചയ്ക്ക് തയാറാണ് - കുലേബ പറഞ്ഞു.
അതേസമയം, റഷ്യയുടെ ആവശ്യങ്ങൾ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് യുക്രെയിനാണെന്നും റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രെയിന് പാശ്ചാത്യ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യുക്രെയിനിലെ 600 കിടക്കകളുള്ള കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ബോംബാക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളായി. ആശുപത്രിയിൽ രോഗികൾ ഇല്ലായിരുന്നെന്ന റഷ്യൻ വിദേശ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി രംഗത്തെത്തി. റഷ്യ അസത്യ പ്രചാരണം നടത്തുകയാണെന്നും ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
മരിയുപോളിൽ റഷ്യ വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 യുക്രെയിനിൽ നിന്ന് പാലായനം ചെയ്തത് 20 ലക്ഷം പേരെന്ന് റിപ്പോർട്ട്
 ടെലികോം, മെഡിക്കൽ, ഓട്ടോ, അഗ്രിക്കൾച്ചറൽ, ടെക്നോളജിക്കൽ ഉപകരണങ്ങൾ തുടങ്ങി 200 സാമഗ്രികളുടെ കയറ്റുമതി റഷ്യ നിരോധിച്ചു.
വെടിനിറുത്തണമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾസും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും റഷ്യൻ പ്രസിഡന്റ് പുട്ടിനോട് ആവശ്യപ്പെട്ടു.
 യുക്രെയിനിലെ റഷ്യൻ അധിനിവേശം യുദ്ധമാണെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി.
 ഫിൻലൻഡ‌് പ്രധാനമന്ത്രി സൗലി നിനിസ്റ്റോ ഇന്ന് പുട്ടിനുമായി ചർച്ച നടത്തും.
 റഷ്യയിൽ യുദ്ധവിരുദ്ധ സമരം ശക്തമാകുന്നു.
 ചെൽസി ഫുട്ബാൾ ക്ലബിന്റെ ഉടമയായ റോമൻ അബ്രാമോവിച്ചടക്കം ഏഴ് റഷ്യൻ ബിസിനസുകാരുടെ വസ്തുകവകകൾ ബ്രിട്ടൻ മരവിപ്പിച്ചു.