
കണ്ണൂർ: പ്രാദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചർച്ച ചെയ്‌തോ എന്ന കാര്യത്തിൽ സംശയമാണ്. വർഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേൽ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പ്രതികരിച്ചു.
ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പർദ്ദ വളർത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ യുപി തെരഞ്ഞെടുപ്പിൽ ചർച്ചയായില്ല. ദാരിദ്ര നിർമാർജനത്തിൽ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്നത് കൂടി നാം ഇവിടെ കൂട്ടിവായിക്കണം.
തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം ഉണ്ടാക്കുമ്പോൾ കേരളത്തിൽ സിപിഎം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോൺഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുർദിനമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണം. കോൺഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം.അതിലേക്ക് എത്താൻ കേരളത്തിൽ ഇരുവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ സന്തോഷം പ്രകടമായതെന്നും സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ പിണറായി വിജയൻ നടപ്പാക്കിയത് പോലെ സൗജന്യ ഭക്ഷ്യധാന്യവും മറ്റു വാക്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തത്. വർഗീയ ശക്തികളെയും തൽപ്പരരാഷ്ട്രീയ കക്ഷികളെയും അധികാരത്തിൽ നിന്നും അകറ്റിനിർത്താൻ മതനിരപേക്ഷ ശക്തികളുടെ ഐക്യം ഉയർന്നുവരണം.
പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളിൽ തീരുത്തലുകൾ വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സ്വാഭാവികം. ജനവിധിയെ മാനിക്കൂന്നൂവെന്നും സുധാകരൻ പറഞ്ഞു.