
ആലപ്പുഴ: ഭാവിയിൽ നടപ്പാക്കുന്ന നിർമ്മാണ പദ്ധതികൾ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിൽ സമഗ്രമായ ഒരു ഡിസൈൻ നയം രൂപീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പുതിയ റസ്റ്റ് ഹൗസുകൾ നിർമ്മിക്കുമ്പോഴും നവീകരിക്കുമ്പോഴും നവീന നിർമ്മാണ മാതൃകകൾ പിന്തുടരുന്നുണ്ട്.
വലിയഴീക്കൽ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിന്റെ വ്യത്യസ്തമായ നിർമ്മിതിയാണ് വലിയഴീക്കൽ പാലം. ഈ മേഖലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനം ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് മുൻകൈ എടുക്കും. തീരദേശപാത കൂടി യാഥാർത്ഥ്യമാകുന്നതോടെ വലിയഴീക്കൽ പാലത്തിന്റെ പ്രസക്തി വർദ്ധിക്കും. ടൂറിസം സാദ്ധ്യതകളുള്ള നിർമ്മിതികളിൽ വകുപ്പ് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്.