rel-madrid

റയൽ മാഡ്രിഡിനോട് രണ്ടാം പാദത്തിൽ 3-1ന് തോറ്റ് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്

റയലിനായി സൂപ്പർ താരം കരിം ബെൻസേമ ഹാട്രിക് നേടി.

രണ്ടാം പാദത്തിൽ സ്പോർട്ടിംഗ് സി.പിയോട് ഗോൾ രഹിത സമനില വഴങ്ങിയിട്ടും മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനായി സൂപ്പർ താരം ലയണൽ മെസിയെ കൊണ്ടുവന്നിട്ടും രക്ഷയില്ലാതെ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി. കഴിഞ്ഞ രാത്രി രണ്ടാം പാദ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻന്മാരായ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റതാണ് പാരീസിനെ പടിക്ക് പുറത്താക്കിയത്. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്ന പി.എസ്.ജിയെ മികച്ച ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയുടെ ഹാട്രിക്കിന്റെ മികവിലാണ് റയൽ തകർത്തത്.

റയലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പഴയ താരപ്പകിട്ടില്ലാത്ത റയൽ മാഡ്രിഡാണ് പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന റയലിനെ രണ്ടാം പകുതിയിൽ വെറും 17 മിനിട്ടിനിടെ ബെൻസേമ നേടിയ ഹാട്രിക്കാണ് വിജയത്തിലെത്തിച്ചത്. 39–ാം മിനിറ്റിൽ നെയ്മാറിന്റെ പാസിൽനിന്ന് കിലിയൻ എംബപ്പെയാണ് പി.എസ്.ജിയെ മുന്നിലെത്തിച്ചിരുന്നത്. 61, 76, 78 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ.

മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ സ്പോർട്ടിംഗ് ലിസ്ബണുമായി സമനിലയിൽ പിരിഞ്ഞെങ്കിലും മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ കടന്നു. ആദ്യ പാദത്തിൽ നേടിയ 5–0ന്റെ കൂറ്റൻ വിജയത്തിന്റെ ബലത്തിലാണ് സിറ്റിയുടെ മുന്നേറ്റം.

3

ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് ബെൻസേമ.

11

ബെൻസേമയുടെ കരിയറിലെ പതിനൊന്നാം ഹാട്രിക്കാണ് പി.എസ്.ജിക്ക് എതിരെ പിറന്നത്.

34 ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കാഡും ബെൻസേമ സ്വന്തമാക്കി. പി.എസ്.ജിയ്‌ക്കെതിരേ ഹാട്രിക്ക് നേടുമ്പോൾ 34 വയസ്സും 80 ദിവസവുമാണ് ബെൻസേമയുടെ പ്രായം.

നേരത്തേ ഫ്രാൻസിന്റെ തന്നെ ഒളിവർ ജിറൂദിന്റെ പേരിലായിരുന്നു ഈ റെക്കാഡ്. റഫറിയുടെ മുറി തകർത്ത് പി.എസ്.ജി ഉടമ റയലിനെതിരായ പി.എസ്.ജിയുടെ തോൽവിക്ക് പിന്നാലെ ക്ലബ്ബ് ഉടമ നാസർ അൽ ഖെലായിഫിക്ക് റഫറിയുടെ ഡ്രസ്സിംഗ് റൂം തല്ലിത്തകർത്തു. 61-ാം മിനിട്ടിലെ റയലിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ സംഭവമാണ് ഉടമയെ ചൊടിപ്പിച്ചത്. പന്ത് ക്ലിയർ ചെയ്യാൻ വൈകിയ പി.എസ്.ജി ഗോളി ഡൊണറുമ്മയുടെ പിഴവ് മുതലെടുത്തായിരുന്നു ബെൻസേമ ഈ ഗോൾ നേടിയത്. എന്നാൽ ഗോൾകീപ്പറെ ഫൗൾ ചെയ്താണ് ബെൻസേമ പന്ത് പിടിച്ചെടുത്തതെന്ന പി.എസ്.ജി താരങ്ങളുടെ വാദം വാർ പരിശോധിക്കാതെ റഫറി തള്ളി. എന്നാൽ എംബാപ്പെ നേടിയ രണ്ട് ഓഫ്‌സൈഡ് ഗോളുകൾ വാർ പരിശോധിച്ച ശേഷമാണ് റഫറി നിഷേധിച്ചത്. റഫറിയുടെ ഈ തീരുമാനത്തിൽ നാസർ രോഷാകുലനായിരുന്നു.