
ചെന്നൈ: കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ വിവാഹം നടത്താനൊരുങ്ങി അമ്മ അർപുതമ്മാൾ.
'നേരത്തെ പേരറിവാളന് വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. നാളുകളായി ജയിലിനും വീടിനുമിടയിൽ ഞാൻ ഓടുന്നതാണ് അവൻ കാണുന്നത്. മറ്റൊരു സ്ത്രീ കൂടി അത് അനുഭവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവൻ പറയുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. വിവാഹം ഉടൻ നടത്തണമെന്നാണ് എന്റെ ആഗ്രഹം.' - അർപുതമ്മാൾ പറയുന്നു.
'പേരറിവാളൻ വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണ്. വീട്ടിലായതിനാൽ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. 31 വർഷത്തിലേറെയായി നടക്കുന്ന പോരാട്ടമാണിത്. എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഒരു മനുഷ്യന്റെ ജീവിതത്തിൽ 31 വർഷം എത്രയാണെന്ന് നിങ്ങൾക്കറിയാം. പേരറിവാളൻ നിരപരാധിയാണ്, ക്ഷമയോടെ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. നല്ല പെരുമാറ്റം കൊണ്ടാണ് അവന് ഇപ്പോൾ ജാമ്യം കിട്ടിയത്. മകൻ ഉടൻ കുറ്റവിമുക്തനാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് താനെന്നും' അവർ കൂട്ടിച്ചേർത്തു.