goa-election

പനാജി: ഗോവ നിയമസഭയിൽ 40 അംഗങ്ങളിൽ കൗതുകമായി മൂന്നു ജോഡി ഭാര്യാഭർത്താക്കൻമാർ. മത്സരിച്ച നാലുദമ്പതികളിൽ മൂന്നു ദമ്പതികളും വിജയിച്ചു. ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ് റാണെ, ഭാര്യ ദിവ്യ എന്നിവർ ബി.ജെ.പി ടിക്കറ്റിൽ മിന്നും വിജയം നേടി. വാൽപോയ് മണ്ഡലത്തിൽ 8,085 വോട്ടുകൾക്കാണ് ആർ.ജി.പിയുടെ തുകറാം ഭരത് പരബിനെ വിശ്വജിത്ത് പരാജയപ്പെടുത്തിയത്. വിശ്വജിത്തിനെ മറികടക്കുന്ന പ്രകടനമാണ് ദിവ്യ കാഴ്ചവച്ചത്.

തന്റെ ഭർതൃപിതാവും ആറു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയുടെ തട്ടകമായ പോരിം മണ്ഡലത്തിൽ, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ഭർത്താവിന്റെ പേരുകാരനുമായ വിശ്വജിത്ത് റാണെയെ 13,943 വോട്ടുകൾക്ക് ദിവ്യ നിലംപറ്റിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും ദിവ്യയ്ക്കാണ്.

ബി.ജെ.പി സ്ഥാനാർത്ഥികളായ അതനാസിയോ ബാബുഷ് മൊൺസെരാറ്റയും ഭാര്യ ജെന്നിഫറുമാണ് വിജയക്കൊടി ചൂടിയ രണ്ടാമത്തെ ദമ്പതികൾ.

പനാജിയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ 716 വോട്ടുകൾക്കാണ് അതനാസിയോ പരാജയപ്പെടുത്തി. ജെന്നിഫർ തലെയ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്തി ടോണി ആൽഫ്രഡോ റോഡ്രിഗസിനെ 2041 വോട്ടുകൾക്ക് തോൽപ്പിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥികളായ മൈക്കിൾ ലോബോയും ഭാര്യ ദലീല ലോബോയുമാണ് നിയമസഭയിലെത്തുന്ന മൂന്നാമത്തെ ദമ്പതികൾ.

കലൻഗുട്ടെ മണ്ഡലത്തിൽ മൈക്കിൾ ലോബോ 4979 വോട്ടുകൾക്കാണ് ബി.ജെപി സ്ഥാനാർത്ഥി ജോസഫ് റോബർട്ടിനെ പരാജയപ്പെടുത്തിയത്. സിയോലിം മണ്ഡലത്തിൽ ദലീല ലോബോ 1727 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി ദയാനന്ത് മൻട്രേക്കറിനെ പിന്നിലാക്കി. നിലവിലെ ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന മൈക്കിൾ ലോബോ, ഭാര്യയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടി നിരസിച്ചതിനെ തുടർന്നാണ് കോൺഗ്രസിൽ ചേർന്നത്. ഉപമുഖ്യമന്ത്രി ചന്ദ്രകാന്ദ് കാവ്‌ലേകർ, സാവിത്രി കാവ്‌ലേകർ ദമ്പതികൾ തോറ്റു.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച ചർച്ചിൽ അലിമാവോയും മകൾ വലൻക നടാഷ അലിമാവോയും പരാജയപ്പെട്ടു.