
ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നെന്നും തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും രാഹുൽ ട്വിറ്രറിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരങ്ങളിൽ സജീവമായി പങ്കെടുക്കുകയും രാപ്പകലില്ലാതെ പ്രവർത്തിക്കുകയും ചെയ്ത എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
Humbly accept the people’s verdict. Best wishes to those who have won the mandate.
— Rahul Gandhi (@RahulGandhi) March 10, 2022
My gratitude to all Congress workers and volunteers for their hard work and dedication.
We will learn from this and keep working for the interests of the people of India.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി ജെ പിയുടെ തേരോട്ടമാണ് കണ്ടത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബി ജെ പി വ്യക്തമായ ലീഡ് നേടിയത്. പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയാണ് മുന്നേറുന്നത്. കൈയിലിരുന്ന പഞ്ചാബ് കൂടി പോയതോടെ തീരെ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കോൺഗ്രസ്.
അതേസമയം കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് പന്ത്രണ്ട് മണിയോടെ രാഹുൽ ഗാന്ധി പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. ഭയം ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മൾ എന്തിനെയങ്കിലും ഭയപ്പെടുമ്പോൾ നാം തന്നെയാണ് ഭയപ്പെടാൻ തീരുമാനിക്കുന്നതെന്നുമായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ നിന്നുള്ള ട്വീറ്റ്. തനിക്ക് ഭയമില്ലെന്ന് സ്വയം തീരുമാനിക്കാനാകണമെന്നും ജനങ്ങൾ എന്തു ചെയ്താലും തനിക്ക് ഭയമില്ലെന്നും രാഹുൽ പരാമർശിച്ചിരുന്നു.