operation-ganga

കീവ്: മലയാളികളടക്കം 694 പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തെ യുക്രെയിനിലെ സുമിയിൽ നിന്ന് രക്ഷപ്പെടുത്തിയതോടെ ഓപ്പറേഷൻ ഗംഗ ശുഭകരമായി പര്യവസാനിച്ചു. എൽവിവിൽ നിന്ന് പ്രത്യേക ട്രെയിനിൽ പോളണ്ട് അതിർ‌ത്തിയിൽ എത്തിയ വിദ്യാ‌ർത്ഥികൾ ഇന്നലെ വൈകിട്ട് റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. പുലർച്ചെ ഇന്ത്യയിലെത്തി. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യൻ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ് പോൾട്ടോവയിൽ എത്തിച്ചത്. അവിടെ നിന്നും എൽവിവിലെത്തിക്കുകയായിരുന്നു. റഷ്യൻ അധിനിവേശം ശക്തമായ സുമിയിൽ രണ്ടാഴ്ചയോളം വിദ്യാർത്ഥികൾക്ക് കഴിയേണ്ടി വന്നിരുന്നു.

12 ദിവസം മുമ്പാണ് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം രക്ഷപ്പെടുത്താനായി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ദൗത്യം ആരംഭിച്ചത്. 17,000 പേരെ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.

ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയിലെത്തിയതോടെ ദൗത്യത്തിന് ഔദ്യോഗികമായി വിരാമമായി. എങ്കിലും, യുക്രെയിനിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടോയെന്ന് ഇന്ത്യൻ എംബസി പരിശോധിക്കുന്നത് തുടരും. ഇനിയാരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിലും രക്ഷപ്പെടുത്തുമെന്നും എംബസി അധികൃതർ അറിയിച്ചു.

റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, മോൾഡോവ എന്നിവിടങ്ങളിലൂടെയാണ് യുക്രെയിൻ അതിർത്തി താണ്ടുന്നവരെ ഇന്ത്യയിൽ എത്തിച്ചിരുന്നത്. റൊമാനിയയിലൂടെ മാത്രം 8000 പേരെ രക്ഷപ്പെടുത്തിയിരുന്നു.

അതേസമയം, യുക്രെയിനിൽ രോഗം ബാധിച്ച് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.