
ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, അക്ഷയ് കുമാറിന്റെ കേപ് ഒഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സെൽഫി എന്നാണ് പേരിട്ടിരിക്കുന്നത്. രാജ് മെഹ്‌തയാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന് നിർമ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തിന്റെ പൂജയുടെ ഫോട്ടോകൾ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചു.
സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു അനൗൺസ്മെന്റ് വീഡിയോയും അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദി റീമേക്കിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്.