
പനാജി: ഗോവയിൽ ബി ജെ പി ഏറ്റവും കൂടുതൽ ആഘോഷിക്കേണ്ട വിജയങ്ങളിൽ ഒന്നായിരുന്നു പനാജിയിൽ പാർട്ടി സ്വന്തമാക്കിയത്. മുൻ ബി ജെ പി മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബി ജെ പി സ്ഥാനാർത്ഥി അത്തണാഷിയോ മോൺസെറേറ്റിന് (ബാബുഷ്) എതിരെ പനാജിയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഗോവയിൽ ബി ജെ പിയെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മനോഹർ പരീക്കറിന്റെ മകനെ തഴഞ്ഞ് പരീക്കറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവും മുൻ കോൺഗ്രസ് മന്ത്രിയും വിവാദനായകനുമായ ബാബുഷിന് സീറ്റ് നൽകിയത് വലിയ വിവാദമായിരുന്നു.
ഉത്പൽ പരീക്കറിനെതിരെ ബാബുഷ് വിജയിച്ചെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം അതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. കാരണം തിരക്കിയ മാദ്ധ്യമപ്രവർത്തകരോട് ഭൂരിപക്ഷം കുറഞ്ഞുപോയതിനാലാണ് തനിക്ക് സന്തോഷം ഇല്ലാത്തതെന്നും മണ്ഡലത്തിലെ പല ബി ജെ പി പ്രവർത്തകരും തനിക്ക് വോട്ട് ചെയ്തിരുന്നില്ലെന്നും ബാബുഷ് വ്യക്തമാക്കി. താൻ ഇക്കാര്യം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി വോട്ടുകൾ ഉറപ്പാക്കാൻ പ്രവർത്തകർക്ക് സാധിച്ചില്ലെന്നും ബാബുഷ് ആരോപിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പായി പനാജിയിൽ നിന്ന് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ഉത്പലിനെ ബി ജെ പി നേതൃത്വം അവഗണിക്കുകയായിരുന്നു. ഉത്പലിന് പനാജി അല്ലാതെ മറ്റൊരു സീറ്റ് നൽകാമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചെങ്കിലും ഉത്പൽ വഴങ്ങിയില്ല. ഇതിനെതുടർന്ന് പനാജിയിൽ നിന്ന് തന്നെ സ്വതന്ത്രനായി മത്സരിക്കാൻ ഉത്പൽ തീരുമാനിക്കുകയായിരുന്നു. ഉത്പൽ സ്വതന്ത്രനായി മത്സരിച്ചത് തന്റെ ഭൂരിപക്ഷം കുറയാൻ കാരണമായി എന്നാണ് ബാബുഷ് കരുതുന്നത്.