
ഹാമിൽട്ടൺ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലാൻഡ് 62 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 261 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ സംഘം 46.4 ഓവറിൽ 198 റൺസിന് ആൾഔട്ടാവുകയായിരുന്നു.
63 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറുമടക്കം 71 റൺസെടുത്ത ഹർമൻപ്രീത് കൗർ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നോക്കിയത്. എന്നാൽ പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 261 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്‌കോർ 10ലെ എത്തിയപ്പോൾ തന്നെ ഓപ്പണർ സ്മൃതി മന്ദാനയെ (6) നഷ്ടമായി. വൈകാതെ ദീപ്തി ശർമയും (5) മടങ്ങി. 59 പന്തിൽ നിന്ന് രണ്ട് ഫോറടക്കം 28 റൺസെടുത്ത യസ്തിക ഭാട്ടിയയുടെ ഊഴമായിരുന്നു അടുത്തത്. യസ്തികയുടെയും ക്യാപ്ടൻ മിഥാലി രാജിന്റെയും മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നാലാം വിക്കറ്റിൽ മിഥാലി - ഹർമൻ പ്രീത് സഖ്യം കൂട്ടിച്ചേർത്ത 47 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. മിതാലി രാജ് 56 പന്തിൽ നിന്ന് ഒരു ഫോറടക്കം 31 റൺസെടുത്ത് പുറത്തായി. റിച്ച ഘോഷും (0) നിരാശപ്പെടുത്തി. സ്‌നേഹ് റാണ (18), പൂജ വസ്ത്രാക്കർ (6), ജുലാൻ ഗോസ്വാമി (15), രാജേശ്വരി ഗെയ്ക്‌വാദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ കിവീസ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ ആമി സാറ്റേർത്ത് വെയ്റ്റും (75) അമേലിയ കെറു(50)മാണ് കിവീസ് ടീമിനായി തിളങ്ങിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. കാറ്റി മാർട്ടിൻ (41), ക്യാപ്ടൻ സോഫി ഡെവിൻ (35), മാഡി ഗ്രീൻ (27) എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കർ നാലു വിക്കറ്റുമായി തിളങ്ങി. രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റെടുത്തു.
ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയിരുന്നു.നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജുലാന് റെക്കാഡ് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റെക്കോഡിനൊപ്പമെത്തി ഇന്ത്യയുടെ ജൂലാൻ ഗോസ്വാമി. ഇന്നലെ കിവീസിനെതിരെ ഒരു വിക്കറ്റ് നേടിയ ജുലാൻ ചരിത്രം കുറിച്ചത്. ആസ്‌ട്രേലിയയുടെ ലിൻ ഫുൾസ്റ്റണിന്റെ 39 വിക്കറ്റുകളുടെ റെക്കാഡിനൊപ്പമാണെത്തിയത്. 2005 മുതൽ ലോകകപ്പ് കളിക്കുന്ന താരമാണ് ജൂലാൻ.